കസബ വിവാദത്തില്‍ കൊല്ലം ചാത്തന്നൂര്‍ സ്വദേശി റോജന്‍ പാര്‍വതിയെ സമൂഹ മാധ്യമങ്ങളിലൂടെ അപമാനിച്ചത് മാനഭംഗപ്പെടുത്തുമെന്ന് പറഞ്ഞെന്ന് പോലീസ്. കോളജ് വിദ്യാര്‍ഥിയായ ഇയാള്‍ ഇന്‍സ്റ്റഗ്രാമിലൂടെ പാര്‍വതിക്ക് സന്ദേശം അയച്ചതായി കണ്ടെത്തിയെന്നും പോലീസ് പറഞ്ഞു. എറണാകുളം സൗത്ത് പോലീസ് കൊല്ലത്ത് എത്തിയാണ് റോജനെ കസ്റ്റഡയിലെടുത്തത്.
ഐടി നിയമപ്രകാരവും സ്ത്രീത്വത്തെ അപമാനിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ഐപിസി പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. കേസില്‍ ഇനിയും പ്രതികളെ പിടികൂടാനുണ്ടെന്നും സൈബര്‍ സെല്ലിന്റെ സഹായത്തോടെ അന്വേഷിക്കുകയാണെന്നും സൗത്ത് സിഐ സിബി ടോം പറഞ്ഞു. 23 പേര്‍ക്കെതിരെയാണ് തെളിവു സഹിതം പാര്‍വതി പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ സൈബറിടത്തില്‍ പാര്‍വതിയെ അപമാനിച്ച 124 പേര്‍ പോലീസ് നിരീക്ഷണത്തിലാണിപ്പോള്‍.
സമൂഹമാധ്യമത്തിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ഭീഷണിപ്പെടുത്തുകയും ചെയ്തെന്ന പാര്‍വതിയുടെ പരാതിയില്‍ കഴിഞ്ഞദിവസം തൃശൂര്‍ വടക്കാഞ്ചേരി കാട്ടിലങ്ങാടി ചിറ്റിലപ്പള്ളി സി.എല്‍.പ്രിന്റോ (23) അറസ്റ്റിലായിരുന്നു.
ഐഎഫ്എഫ്കെയുടെ ഭാഗമായി തിരുവനന്തപുരം ടഗോര്‍ തിയറ്ററില്‍ സംഘടിപ്പിച്ച സംവാദത്തില്‍ കസബ ഉള്‍പ്പെടെ ചില ചിത്രങ്ങളിലെ സ്ത്രീവിരുദ്ധ നിലപാടുകള്‍ക്കെതിരെ പാര്‍വതി പ്രതികരിച്ചിരുന്നു.
ഇതേത്തുടര്‍ന്ന്, മമ്മൂട്ടിച്ചിത്രമായ കസബയെ വിമര്‍ശിച്ചെന്ന തരത്തില്‍ പാര്‍വതിക്കെതിരെ സമൂഹമാധ്യമങ്ങളില്‍ പ്രചാരണങ്ങള്‍ നടന്നു. ‘ചിലര്‍ എന്നെ കൊല്ലുമെന്നും ബലാത്സംഗം ചെയ്യുമെന്നുമുള്ള ഭീഷണികള്‍ ഉയര്‍ത്തുന്നുണ്ട്. എന്റെ കരിയര്‍ തന്നെ അവസാനിപ്പിക്കുമെന്നും ഭീഷണിപ്പെടുത്തുന്നവരുണ്ട്’. കഴിഞ്ഞ ഫെബ്രുവരിയില്‍ കേരളത്തില്‍ നടി ആക്രമിക്കപ്പെട്ടത് എങ്ങനെയാണോ അതുപോലെ തന്നെയും ആക്രമിക്കുമെന്ന തരത്തിലുള്ള ഭീഷണിയുമായി എത്തിയ സന്ദര്‍ഭങ്ങളുമുണ്ടായെന്നും പാര്‍വതി പറഞ്ഞു.
ഭീഷണിപ്പെടുത്തിയവരുടെയും വ്യക്തിഹത്യ നടത്തിയവരുടെയും പേരുകളും സന്ദേശങ്ങളുടെ സ്‌ക്രീന്‍ഷോട്ടുകളും സഹിതമാണ് പാര്‍വതി പരാതി നല്‍കിയത്.’കസബ’യുമായി ബന്ധപ്പെട്ട് പാര്‍വതി ഉയര്‍ത്തിയ വിമര്‍ശനങ്ങള്‍ വിവാദമായതിനു പിന്നാലെ നിലപാട് വ്യക്തമാക്കി മമ്മൂട്ടി രംഗത്തെത്തി. വിവാദമല്ല, അര്‍ഥവത്തായ സംവാദങ്ങളാണ് നമുക്ക് വേണ്ടതെന്നു പറഞ്ഞ താരം, തനിക്കു വേണ്ടി പ്രതികരിക്കാനോ പ്രതിരോധിക്കാനോ ആരേയും ചുമതലപ്പെടുത്തിയിട്ടില്ലെന്നും മമ്മൂട്ടി പറഞ്ഞു.