സിനിമാ സ്റ്റൈലില്‍ കള്ളനെ പിടിച്ചു; നാട്ടുകാര്‍ക്ക് മുന്നില്‍ താരമായി സിനിമാ നടന്‍ അനീഷ്

അയല്‍ക്കാരന്റെ ബാഗ് തട്ടിപ്പറിച്ച് ഓടിയ മോഷ്ടാവിനെ സാഹസികമായി പിടികൂടി സിനിമാ നടന്‍ അനീഷ് ജി. മേനോന്‍. അയല്‍വാസിയായ സഹകരണ ബാങ്ക് കളക്ഷന്‍ ഏജന്റിന്റെ പണം അടങ്ങിയ ബാഗ് ബൈക്കില്‍ വന്നു തട്ടിപറിച്ചുകൊണ്ട് പോകാന്‍ ശ്രമിച്ചവരെയാണ് അനീഷ് സാഹസികമായി പിടികൂടിയത്. സംഘത്തില്‍ മൂന്നു പേര്‍ ഉണ്ടായിരുന്നെങ്കിലും ഒരാളെ മാത്രമാണ് പിടികൂടാന്‍ സാധിച്ചത്. മറ്റുള്ളവര്‍ ബൈക്കില്‍ തന്നെ രക്ഷപ്പെട്ടു.സിനിമാ സ്റ്റൈലിലാണ് താരം സംഘത്തെ പിടികൂടിയത്. കളക്ഷന്‍ ഏജന്റിന്റെ നിലവിളി കേട്ട് വീടിന് പുറത്തെത്തിയ താരം ബൈക്കിന്റെ പുറകിലിരുന്നയാളുടെ കഴുത്തില്‍ പിടികൂടി. ബൈക്ക് മുന്നോട്ടു നീങ്ങിയപ്പോഴും മോഷ്ടാവിന്റെ കഴുത്തിലുള്ള പിടി അനീഷ് വിട്ടില്ല. ടാര്‍ റോഡില്‍ ഉരഞ്ഞ് അനീഷിനും പരുക്ക് പറ്റിയിട്ടുണ്ട്. പിടികൂടിയ ആളെ പൊലീസില്‍ ഏല്‍പ്പിച്ചു. കോതമംഗലം സ്വദേശിയായ അന്‍സാറാണ് ഇപ്പോള്‍ പൊലീസ് കസ്റ്റഡിയിലുള്ളത്.

നിലവില്‍ മോഹന്‍ലാല്‍ ചിത്രം ഒടിയനിലാണ് അനീഷ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ഷൂട്ടിംഗ് ഇടവേളയില്‍ വളാഞ്ചേരിയിലെ വീട്ടിലെത്തിയതായിരുന്നു അനീഷ്. അപ്പോഴാണ് ഈ സംഭവങ്ങള്‍ ഉണ്ടായത്. പരുക്കേറ്റതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സ തേടിയ അനീഷ് ഇപ്പോള്‍ വിശ്രമത്തിലാണ്. ദൃശ്യം, ദ് ഗോഡ്ഫാദര്‍ തുടങ്ങി നിരവധി സിനിമകളില്‍ വേഷമിട്ട അനീഷ് കൂടുതലായും കൈകാര്യം ചെയ്തിരിക്കുന്നത് സൈഡ് കിക്ക് കഥാപാത്രങ്ങളാണ്.

© 2024 Live Kerala News. All Rights Reserved.