ചാരക്കേസില്‍ മലക്കം മറിഞ്ഞ് എം.എം ഹസന്‍; ‘വാക്കുകള്‍ വളച്ചൊടിച്ചു, ആന്റണിയും ഉമ്മന്‍ചാണ്ടിയും എനിക്കു ഒരേപോലെ കൂറുള്ള നേതാക്കള്‍’

ചാരക്കേസുമായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയില്‍ മലക്കം മറിഞ്ഞ് കെ.പി.സി.സി പ്രസിഡന്റ് എം.എം ഹസന്‍. ചാരക്കേസില്‍ കെ.കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കാന്‍ മുന്നില്‍നിന്നു പ്രവര്‍ത്തിച്ചതില്‍ ഖേദിക്കുന്നതായി എം.എം.ഹസന്‍. പറഞ്ഞിരുന്നു. എന്നാല്‍ തന്റെ വാക്കുകള്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതാണെന്നാണ് ഹസന്‍ ഇപ്പോള്‍ പറയുന്നത്. ആന്റണിയും ഉമ്മന്‍ചാണ്ടിയും തനിക്ക് ഒരേപോലെ കൂറുള്ള നേതാക്കളാണെന്നും ആരെയും ഇകഴ്ത്തിക്കാണിക്കാന്‍ ഉദ്ദേളം നടത്തിയിട്ടില്ലെന്നും ഹസന്‍ പറഞ്ഞു.

താന്‍ ഒരു ചരിത്ര സംഭവത്തെ അനുസ്മരിക്കുകയാണ് ചെയതത്. എന്നാല്‍ അതിനെ ദുര്‍ വ്യാഖ്യാനം ചെയ്തു. ഉമ്മന്‍ചാണ്ടിയെ ഇകഴ്ത്തിയും ആന്റണിയെ പുകഴ്ത്തി സംസാരിച്ചുവെന്നും വാര്‍ത്തകള്‍ പ്രചരിപ്പിച്ചു. താന്‍ പറഞ്ഞതിന്റെ വസ്തുത അന്വേഷിക്കാതെയാണ് ഇത്തരം പ്രചരണങ്ങള്‍ നടത്തിയത്. ആന്റണിയെയും ഉമ്മന്‍ചാണ്ടിയെക്കുറിച്ചു താന്‍ മോശമായി സംസാരിക്കില്ലെന്ന് അവര്‍ക്ക് തന്നെ അറിയാമെന്നും ഹസന്‍ പറഞ്ഞു.

മുഖ്യമന്ത്രി സ്ഥാനത്തുനിന്നു കരുണാകരനെ നീക്കാനുള്ള ശ്രമത്തെ എ.കെ.ആന്റണി തടഞ്ഞിരുന്നു. ഇതു പാര്‍ട്ടിക്കു ദോഷം ചെയ്യുമെന്ന നിലപാടായിരുന്നു അദ്ദേഹത്തിന്. ശൈലി മാറ്റണമെന്ന ആവശ്യമോ ശാസനയോ അടക്കമുള്ളതു മതിയെന്നായിരുന്നു ആന്റണിയുടെ നിലപാട്. ഇക്കാര്യം പറഞ്ഞ് ആന്റണി തന്നെയും ഉമ്മന്‍ചാണ്ടിയേയും നേരിട്ടു വിളിച്ചിരുന്നെന്നും ഹസന്‍ പറഞ്ഞിരുന്നു.

ഇന്നു ചിന്തിക്കുമ്പോള്‍ ലീഡറോട് കാണിച്ചത് കടുത്ത അനീതിയായിരുന്നു എന്നു ബോധ്യമാകുന്നു. മുഖ്യമന്ത്രി സ്ഥാനത്തു കാലാവധി പൂര്‍ത്തിയാക്കാന്‍ കരുണാകരന് അവസരം നല്‍കേണ്ടതായിരുന്നു. കരുണാകരനെ രാജിയിലേക്കു നയിച്ചത് ആന്റണിയാണെന്ന് മാധ്യമങ്ങളില്‍ വാര്‍ത്ത വന്ന ഘട്ടത്തിലും ആന്റണി മൗനം പാലിച്ചു. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്നു നീക്കിയാല്‍ കോണ്‍ഗ്രസിനു കനത്ത തിരിച്ചടിയായിരിക്കും ഉണ്ടാവുക എന്നു പറഞ്ഞ ആളായിരുന്നു ആന്റണി.

അന്നത്തെ പ്രധാനമന്ത്രി നരസിംഹ റാവുവിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് കേന്ദ്രമന്ത്രി സ്ഥാനം രാജിവച്ച് ആന്റണി തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാനെത്തിയത്. പിന്നീട് മനസ്സില്ലാ മനസ്സോടെയാണ് അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുത്തതെന്നും ഹസന്‍ പറഞ്ഞിരുന്നു. കരുണാകരന്റെ ഏഴാം ചരമവാര്‍ഷികത്തോടനുബന്ധിച്ച് ഡിസിസിയില്‍ നടന്ന അനുസ്മരണ പരിപാടി ഉദ്ഘാടനം ചെയ്യവെയായിരുന്നു ഹസന്റെ പരാമര്‍ശം

© 2024 Live Kerala News. All Rights Reserved.