നോട്ടയ്ക്ക് പിറകിലായ ബി.ജെ.പിയെ വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി; ‘സ്വയം വിലയിരുത്താനുള്ള സമയമായി’

ആര്‍.കെ നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ നോട്ടക്കും പിറകിലായ ബി.ജെ.പിയെ രൂക്ഷമായി വിമര്‍ശിച്ച് സുബ്രഹ്മണ്യന്‍ സ്വാമി രംഗത്ത്. കേന്ദ്ര ഭരണത്തിലിരിക്കുന്ന പാര്‍ട്ടിക്ക് കിട്ടിയത് നോട്ടക്ക് കിട്ടിയതിന്റെ കാല്‍ ഭാഗം വോട്ട് മാത്രം. സ്വയം വിലയിരുത്താനുള്ള സമയമായെന്നുംസുബ്രഹ്മണ്യന്‍ സ്വാമി ട്വീറ്റ് ചെയ്തു.

തമിഴ്നാട്ടില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിക്ക് നാണംകെട്ട തോല്‍വി. ആര്‍കെ നഗറില്‍ കളം പിടിക്കാന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് കരു നാഗരാജനെയാണ് ബിജെപി തെരഞ്ഞെടുപ്പ് ഗോദായില്‍ ഇറക്കിയത്. എന്നാല്‍ വോട്ട് എണ്ണിതുടങ്ങിയപ്പോള്‍ മുതല്‍ ബിജെപി സ്ഥാനാര്‍ഥി നോട്ടയ്ക്ക് പിന്നിലാണ്. പകുതി റൗണ്ട് വോട്ടുകള്‍ എണ്ണിയപ്പോള്‍ തന്നെ ബിജെപി സ്ഥാനാര്‍ഥിക്ക് ലഭിച്ചതിന്റെ ഇരട്ടിവോട്ട് നോട്ടയ്ക്ക് ലഭിച്ചു.

അണ്ണാ ഡിഎംകെയില്‍ ഒപിഎസ്- പളനിസ്വാമി വിഭാഗങ്ങളുടെ ലയനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചെന്നു കരുതുന്ന ബിജെപി, സ്ഥാനാര്‍ഥിയെ നിര്‍ത്തില്ലെന്നായിരുന്നു ആദ്യ പ്രചാരണം. പിന്നീട് അവര്‍ സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കുകയും തെരഞ്ഞെടുപ്പില്‍ സജീവ പ്രചാരണത്തിന് ഇറങ്ങുകയുമായിരുന്നു. പ്രബല മുന്നണികളെ തറപറ്റിച്ച് സ്വതന്ത്ര്യസ്ഥാനാര്‍ത്ഥി ടിടിവി ദിനകരന്‍ 20,063 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ലീഡ് ചെയ്യുകയാണിപ്പോള്‍.

അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥി ഇ.മധുസൂദനന്‍ 19525 വോട്ടുമായി രണ്ടാംസ്ഥാനത്തുണ്ട്. ഡി.എം.കെ സ്ഥാനാര്‍ത്ഥി മരുതു ഗണേഷാണ് മൂന്നാമത്. വോട്ടെണ്ണല്‍ തുടങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ദിനകരന്‍ ലീഡ് ഉയര്‍ത്തിയിരുന്നു. നോട്ട ആയിരത്തില്‍ അധികം വോട്ടുകള്‍ നേടിയപ്പോള്‍ ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും സ്ഥാനാര്‍ഥിയുമായ കരു നാഗരാജിന് 519 വോട്ടു നേടാനെ ഇതുവരെ സാധിച്ചിട്ടുള്ളൂ.