‘ജേക്കബ് തോമസ് കാപട്യക്കാരന്‍, സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താന്‍ നോക്കണ്ട’

സസ്‌പെന്‍ഷന് പിന്നാലെ ഓഖി വിഷയത്തില്‍ സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച ഡി.ജി.പി ജേക്കബ് തോമസിന് മറുപടിയുമായി ഫിഷറീസ് മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മയും രംഗത്തെത്തി. ജേക്കബ് തോമസ് കാപട്യക്കാരനും സ്വന്തംകാര്യം നോക്കുന്നയാളുമാണെന്ന് മന്ത്രി ആരോപിച്ചു. ജേക്കബ് തോമസ് ആരാണെന്നുള്ളത് പിന്നീട് അറിയും. ഇതിലൂടെയൊന്നും സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താനാകില്ല. ഇതിനെ സര്‍ക്കാര്‍ നിയമപരമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ ദിവസം ഇതേ വിഷയത്തില്‍ മന്ത്രി തോമസ് ഐസക്, വേറെ കണക്കു ടീച്ചറെ അന്വേഷിക്കുന്നതാവും നല്ലതെന്ന് ജേക്കബ് തോമസിന് മറുപടി കൊടുത്തിരുന്നു. ഇത്തരം കാര്യങ്ങളില്‍ ആവശ്യമായ ധാരണയില്ലാത്തതുകൊണ്ടാണ് ഓഖി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളം കേന്ദ്രത്തിനു സമര്‍പ്പിച്ച ഏഴായിരം കോടിയുടെ പാക്കേജിനെ അദ്ദേഹം പരിഹസിക്കുന്നതെന്നും തോമസ് ഐസക് പറഞ്ഞിരുന്നു. അതിന് പിന്നാലെയാണ് വിമര്‍ശനവുമായി മേഴ്‌സിക്കുട്ടിയമ്മ രംഗത്തെത്തിയത്.

ഓഖി ദുരന്തത്തെ തുടര്‍ന്ന് 7340 കോടിയുടെ പാക്കേജ് കേന്ദ്രത്തോട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നു. ആകെ വേണ്ടത് 700 കോടിയും ഉള്ളത് 7000 കോടിയുമാണെന്നാണ് ജേക്കബ് തോമസ് ഇതിനെ പരിഹസിച്ചത്. പാഠം ഒന്ന് കണക്കിലെ കളികള്‍ എന്ന തലക്കെട്ട് നല്‍കി കണക്കുകള്‍ നിരത്തിയാണ് വിമര്‍ശിച്ചത്.

© 2024 Live Kerala News. All Rights Reserved.