എല്ലാം ശ്രീക്കുട്ടി കൊണ്ടുവന്ന ഭാഗ്യം..

ശ്രീശാന്തിനെ കുറ്റവിമുക്തനാക്കിയ ഡൽഹി കോടതി വിധി വന്നപ്പോൾ കലൂരിലെ വീട്ടിൽ മാതാപിതാക്കളുടെ പ്രതികരണം അടക്കാനാവാത്ത തേങ്ങലായിരുന്നു. രണ്ടു വർഷത്തിലേറെയായി പ്രാർഥനയിൽ മാത്രം അഭയം കണ്ട് തീ തിന്നു കഴിഞ്ഞ അവർക്ക് അങ്ങനെയേ തികരിക്കാനാവുമായിരുന്നുള്ളൂ. ഉള്ളിലെ തിരയൊടുങ്ങാത്ത കടൽ ആശ്വാസത്തിലേക്ക് അണപൊട്ടുകയായിരുന്നു. ‘ദൈവത്തിന് നന്ദി; സത്യം ജയിച്ചു’- അമ്മ സാവിത്രി ദേവിയുടെ വാക്കുകൾ.

‘തീതിന്നു കഴിയുകയായിരുന്നു. പ്രാർഥനയ്ക്കു ദൈവം ഫലം തന്നിരിക്കുന്നു. നീതി ലഭിക്കാൻ സഹായിച്ച എല്ലാവർക്കും നന്ദി’- അച്ഛൻ ശാന്തകുമാരൻ നായരുടെ പ്രതികരണം. ശ്രീക്കുട്ടി എന്ന കുഞ്ഞുമകൾ കൊണ്ടുവന്ന ഭാഗ്യമാണ് ഈ വിധിയെന്ന് ഇരുവരും നിറകണ്ണുകളോടെ പ്രതികരിച്ചു. ശ്രീശാന്ത് കളിച്ചു വളരുകയും കേസും വിലക്കും വന്നപ്പോൾ പ്രവേശനം നിഷേധിക്കുകയും ചെയ്ത കലൂർ രാജ്യാന്തര സ്റ്റേഡിയത്തിനു വിളിപ്പാടകലെയുള്ള വാടക വില്ലയിലാണ് ശ്രീശാന്തിന്റെ കുടുംബം രണ്ടു വർഷമായി താമസിക്കുന്നത്.

വിധി കേൾക്കാൻ ഭാര്യ ഭുവനേശ്വരി കുമാരിക്കൊപ്പം ശ്രീശാന്ത് ഡൽഹിയിലേക്കു പോയത് ഇവിടെ നിന്നാണ്. ശ്രീയെ യാത്രയാക്കിയ നിമിഷം മുതൽ വീട്ടിലെ പ്രാർഥനാ മുറിയിലായിരുന്നു അച്ഛനും അമ്മയും; ഒപ്പം ഒന്നുമറിയാതെ ശ്രീയുടെ രണ്ടു മാസം പ്രായമുള്ള മകൾ ശ്രീക്കുട്ടിയും.

രാവിലെ പതിനൊന്നിന് നിശ്ചയിച്ചിരുന്ന വിധി ഉച്ചയ്ക്ക് രണ്ടിലേക്കും വൈകിട്ടു നാലിലേക്കും നാലരയിലേക്കുമെല്ലാം മാറിയപ്പോൾ വീണ്ടും ആശങ്ക. അന്വേഷണം തുടരുന്നതിനാൽ വിധി പറയൽ മാറ്റണമെന്ന ഡൽഹി പൊലീസിന്റെ അവസാന നിമിഷത്തെ വാദം കൂടിയായതോടെ വീണ്ടും കാര്യങ്ങൾ കൈവിട്ടു പോവുകയാണോ എന്നായി പേടി. ഇതിനിടെ ഡൽഹിയിൽ നിന്ന് ശ്രീശാന്ത് വിളിച്ചു. വൈകിട്ട് നാലിന് വിധി പറയുമെന്നും പ്രാർഥിക്കണമെന്നും പറഞ്ഞു.

നാലിനു നിശ്ചയിച്ചിരുന്ന വിധി നാലരയിലേക്കു മാറ്റി. അവസാനം നാലേമുക്കാലോടെ വാർത്തയെത്തി; ‘ഐപിഎൽ കുറ്റപത്രം റദ്ദാക്കി; ശ്രീശാന്ത് ഉൾപ്പെടെയെല്ലാവരും കുറ്റ വിമുക്തർ’. ദൈവത്തിന് കണ്ണീരോടെ നന്ദിപറഞ്ഞ ഇരുവരും, തേങ്ങലടങ്ങും മുൻപു തന്നെ മാധ്യമ പ്രവർത്തകർക്കു മുന്നിലേക്കെത്തി.

ഫോൺവിളികളുടെ പ്രവാഹമായിരുന്നു പിന്നെ. ഡൽഹിയിൽ നിന്നു ശ്രീശാന്തിന്റെ വിളിയുമെത്തി. ഇരു ഭാഗത്തേയും പ്രതികരണം തേങ്ങൽ മാത്രമായി. വാക്കുകൾ മുറിഞ്ഞു. അടക്കാനാവാത്ത സന്തോഷം പങ്കുവച്ച് ശ്രീശാന്ത് ഫോൺവച്ചു.

എല്ലാം ദൈവത്തിൽ സമർപ്പിച്ചായിരുന്നു ശ്രീശാന്തിന്റെ ഡൽഹിയിലേക്കുള്ള യാത്ര. ഫെയ്സ്ബുക്ക് പേജിലും ട്വിറ്ററിലും പോസ്റ്റ് ചെയ്തത് ഇഷ്ട ദൈവങ്ങളായ തൃപ്പൂണിത്തുറ പൂർണത്രയീശന്റെയും കലൂർ പള്ളിയിലെ അന്തോണീസ് പുണ്യാളന്റെയും ചിത്രങ്ങളായിരുന്നു. വെള്ളിയാഴ്ച വൈകിട്ട് പൂർണത്രയീശ ക്ഷേത്രത്തിൽ എത്തി നേർച്ചകൾ കഴിച്ചു. വിമാനത്താവളത്തിലേക്കുള്ള യാത്രയിൽ കലൂർ പള്ളിയിലും ഇടപ്പള്ളി സെന്റ് ജോർജ് പള്ളിയിലും പ്രാർഥിച്ചു.

© 2024 Live Kerala News. All Rights Reserved.