ആര്‍കെ നഗര്‍ തെരഞ്ഞെടുപ്പ്: മുന്നണികളെ തറപറ്റിച്ച് ടി.ടി.വി ദിനകരന്‍ ജയം ഉറപ്പിച്ചു; ബിജെപിയുടെ മത്സരം നോട്ടയോട്

മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തെ തുടര്‍ന്ന് ഒഴിവുവന്ന ആര്‍.കെ. നഗര്‍ ഉപതെരഞ്ഞെടുപ്പില്‍ പ്രബല മുന്നണികളെ തറപറ്റിച്ച് സ്വതന്ത്ര്യസ്ഥാനാര്‍ത്ഥി ടിടിവി ദിനകരന്‍ വിജയം ഉറപ്പിച്ചു. 12 റൗണ്ട് വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ 24,091 വോട്ടിന്റെ ഭൂരിപക്ഷമാണ് ദിനകരന്‍ നേടിയിരിക്കുന്നത്. മറ്റു സ്ഥാനാര്‍ഥികളെ ബഹുദൂരം പിന്നിലാക്കിയാണ് ദിനകരന്റെ മുന്നേറ്റം.

29003 വോട്ടുമായി അണ്ണാ ഡി.എം.കെ സ്ഥാനാര്‍ഥി ഇ.മധുസൂദനന്‍ രണ്ടാം സ്ഥാനത്തും, ഡി.എം.കെ സ്ഥാനാര്‍ഥി മരുതു ഗണേഷ് 14481 വോട്ടുമായി മൂന്നാം സ്്ഥാനത്തുമാണ് ഇപ്പോഴുള്ളത്. നോട്ടയ്ക്കും പിന്നിലാണ് ബി.ജെ.പി സംസ്ഥാന വൈസ് പ്രസിഡന്റും സ്ഥാനാര്‍ഥിയുമായ കരു നാഗരാജനാണ് സ്ഥാനം. കരു നാഗരാജിന് ഇതുവരെ 628 വോട്ടു നേടാനെ സാധിച്ചിട്ടുള്ളു.

രാവിലെ വോട്ടെണ്ണല്‍ തുടങ്ങി മിനിട്ടുകള്‍ക്കുള്ളില്‍ തന്നെ ദിനകരന്‍ ലീഡ് ഉയര്‍ത്തിയിരുന്നു.
19 റൗണ്ടുകളിലായാണ് വോട്ടെണ്ണല്‍ നടക്കുന്നത്. ആദ്യ റൗണ്ടില്‍ തന്നെ ദിനകരന്‍ മുന്നിലെത്തിയതോടെ എ.ഐ.എഡി.എം.കെ പ്രവര്‍ത്തകര്‍ കൗണ്ടിങ് സ്‌റ്റേഷനു മുന്നില്‍ സംഘര്‍ഷമുണ്ടാക്കിയിരുന്നു. തുടര്‍ന്ന് ഇവരെ പോലീസെത്തി അറസ്റ്റ് ചെയ്തതിന് ശേഷമാണ് വോട്ടെണ്ണല്‍ പുനരാരംഭിച്ചത്. ആര്‍.കെ നഗറില്‍ 59 സ്ഥാനാര്‍ത്ഥികളാണ് മല്‍സരിച്ചത്. 2,28,234 വോട്ടര്‍മാരില്‍ 1,76,692 പേര്‍ വോട്ട് രേഖപ്പെടുത്തി. 2016 ഉപതിരഞ്ഞെടുപ്പിനെക്കാള്‍ രണ്ട് ശതമാനം കൂടുതലാണ് ഇക്കുറി പോളിങ് നടന്നത്.

ഭാവിലക്ഷ്യം തമിഴ്‌നാടിന്റെ ഭരണം പിടിച്ചെടുക്കുകയെന്നതാണെന്നു ടി.ടി.വി. ദിനകരന്‍ വ്യക്തമാക്കി. ആര്‍കെ നഗറിലെ തിരഞ്ഞെടുപ്പു ഫലം ദിനകരന് അനുകൂലമായതോടെയാണു പ്രതികരണവുമായി അദ്ദേഹം രംഗത്തുവന്നത്. സംസ്ഥാനത്തു ഭരണമാറ്റം വേണമെന്ന ജനങ്ങളുടെ ആവശ്യമാണു തിരഞ്ഞെടുപ്പു ഫലത്തില്‍ പ്രതിഫലിക്കുന്നതെന്നു മധുര വിമാനത്താവളത്തില്‍വച്ച് ദിനകരന്‍ പറഞ്ഞു.

”മൂന്നുമാസത്തിനകം ഇടപ്പാടി കെ. പളനിസാമി, ഒ. പനീര്‍സെല്‍വം (ഇപിഎസ്-ഒപിഎസ്) സഖ്യത്തിന്റെ സര്‍ക്കാര്‍ തകര്‍ന്നുവീഴും ഞങ്ങളാണു യഥാര്‍ഥ അണ്ണാഡിഎംകെ. അമ്മയുടെ പിന്‍ഗാമി ആരാണെന്ന് ഇപ്പോള്‍ ആര്‍കെ നഗറിലെ ജനങ്ങള്‍ വിധിയെഴുതിയിരിക്കുന്നു”- ദിനകരന്‍ വ്യക്തമാക്കി.

തമിഴ്‌നാട് രാഷട്രീയത്തില്‍ നിര്‍ണായകമായ തെരഞ്ഞെടുപ്പില്‍ മൂന്നു സ്ഥാനാര്‍ഥികളും ഒന്നിനൊന്നു മികച്ച പ്രകടനമാണ് പ്രചാരണരംഗത്ത് നടത്തിയത്. മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണശേഷം മന്നാര്‍ഗുഡി സംഘവുമായി തെറ്റിയ ഒ. പനീര്‍ശെല്‍വം പാര്‍ട്ടിയില്‍ പ്രതിപക്ഷ സ്വരമുയര്‍ത്തിയതാണ് പാര്‍ട്ടി പിളരാന്‍ കാരണം. . പിന്നീട് അഴിമതികേസില്‍ ശശികല ജയിലിലേക്ക് പോയതിനുശേഷം പളനിസ്വാമിയും പനീര്‍ശെല്‍വവും അഭിപ്രായ ഭിന്നതകള്‍ മറന്ന് ഒന്നിച്ചു. അധികാരങ്ങള്‍ സംബന്ധിച്ച് പാര്‍ട്ടിക്കുള്ളില്‍ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും ഇരുനേതാക്കളും തിരഞ്ഞെടുപ്പിനെ നേരിട്ടത് ഒറ്റക്കെട്ടായാണ്.

കഴിഞ്ഞ ഏപ്രിലില്‍ പനീര്‍ശെല്‍വം വിഭാഗത്തിന്റെ സ്ഥാനാര്‍ഥിയായിരുന്ന മധുസൂദനന്‍ ഇത്തവണ പാര്‍ട്ടിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥിയായാണ് മത്സരിച്ചത്. പാര്‍ട്ടി ചിഹ്നമായ രണ്ടില കിട്ടിയതാണ് മധുസൂദനന്റെ ഏറ്റവും വലിയ നേട്ടം. സ്ഥിരമായി പാര്‍ട്ടി ചിഹ്നത്തില്‍ വോട്ടുചെയ്യുന്നവരെ ഇത്തവണയും നിലനിര്‍ത്താന്‍ കഴിയുമെന്നാണ് അണ്ണാ ഡിഎംകെയുടെ പ്രതീക്ഷ. ഏപ്രിലില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ ഔദ്യോഗിക പക്ഷത്തായിരുന്ന ടി.ടി.വി.ദിനകരന്‍ ഇപ്പോള്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയാണ് മത്സരിച്ചത്. തെരഞ്ഞെടുപ്പ് വിജയത്തിനായി ദിനകരന്‍ മണ്ഡലത്തില്‍ കോടികള്‍ ഒഴുക്കിയെന്നും ആരോപണം ഉയര്‍ന്നിരുന്നു. തമിഴ്‌നാട്ടില്‍ സ്വാധീനമുറപ്പിക്കാന്‍ ശ്രമിക്കുന്ന ബിജെപിയുടെ നില കൂടുതല്‍ പരുങ്ങലിലാക്കുന്നതാണ് തെരഞ്ഞെടുപ്പ് ഫലം.

© 2024 Live Kerala News. All Rights Reserved.