പട്ടാപകൽ നടുറോഡിൽ യുവതിയെ പെട്രോൾ ഒഴിച്ചു കത്തിച്ചു; നില ഗുരുതരം, ഒരാൾ അറസ്റ്റിൽ

പട്ടാപ്പകല്‍ നടുറോഡിൽ വെച്ച് 23 കാരിയായ യുവതിയെ പെട്രോൾ ഒഴിച്ച് കത്തിച്ചു. ഹൈദരാബാദിലെ ലാലഗുഡ എന്ന സ്ഥലത്തായിരുന്നു സംഭവം. 80 ശതമാനം പൊള്ളലേറ്റ യുവതിയെ പ്രദേശത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.യുവതിയുടെ സഹോദരന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഒരാളെ അറസ്റ്റു ചെയ്തിട്ടുണ്ട്. പ്രണയാഭ്യര്‍ഥന നിരസിച്ചതിനെ തുടര്‍ന്നാണ് യുവതി ആക്രമണത്തിന് ഇരയായതെന്നാണ് സൂചന. ബൈക്കിലെത്തിയ യുവാവ് പത്ത് മിനിറ്റോളം യുവതിയുമായി സംസാരിച്ച ശേഷമാണ് ആക്രമണം നടത്തിയതെന്ന് ദൃക്‌സാക്ഷികള്‍ വ്യക്തമാക്കി.സംസാരിക്കുന്നതിനിടെ ക്ഷുഭിതനായ യുവാവ് യുവതിയുടെ ദേഹത്ത് പെട്രോള്‍ ഒഴിച്ചശേഷം തീ കൊളുത്തുകയായിരുന്നു. ജോലി കഴിഞ്ഞ് മടങ്ങും വഴിയായിരുന്നു യുവതിക്കു നേരെ ആക്രമണം ഉണ്ടായത്. യുവതിയുടെ നില ഗുരുതരമാണെന്ന് വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.