സാമ്പത്തിക പ്രതിസന്ധി; പെൻഷൻ വിതരണത്തിന് രണ്ട് ഡിപ്പോകള്‍ പണയം വച്ചു

കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന കെഎസ്ആർടിസി പെൻഷൻ വിതരണം ചെയ്യുന്നതിനായി രണ്ട് ഡിപ്പോകള്‍ സഹകരണ ബാങ്കിൽ പണയം വച്ചു. കായംകുളം, ഏറ്റുമാനൂര്‍ ബസ് ഡിപ്പോകളാണ് കൊല്ലം സഹകരണ ബാങ്കില്‍ പണയംവച്ചത്.പണയം വെച്ച് ലഭിച്ച 50 കോടി രൂപ ഉപയോഗിച്ച് മുടങ്ങിക്കിടന്ന അഞ്ചു മാസത്തെ പെൻഷനിൽ ഒരു മാസത്തെ തുക വിതരണം ചെയ്തു. 12 ശതമാനം പലിശ നിരക്കിൽ ഇന്നലെയാണ് കൊല്ലം സഹകരണ ബാങ്കില്‍നിന്നുള്ള വായ്പ തുക കെഎസ്ആര്‍ടിസിക്ക് ലഭിച്ചത്. സര്‍ക്കാര്‍ ഗ്യാരന്റിയുടെ അടിസ്ഥാനത്തിലാണ് വായ്പയെടുത്തതെന്നും പെന്‍ഷന്‍ പൂര്‍ണമായി കൊടുക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും കെഎസ്ആര്‍ടിസി അധികൃതര്‍ വ്യക്തമാക്കി.

ഏതാനും വര്‍ഷങ്ങളായി ഡിപ്പോകളും മറ്റു വസ്തുവകകളും ബാങ്കുകളില്‍ പണയം വച്ചാണ് കെഎസ്ആര്‍ടിസി ശമ്പളത്തിനും പെന്‍ഷനും പണം കണ്ടെത്തുന്നത്. ഇതുവരെ 1,300 കോടി രൂപയാണ് ധനകാര്യ സ്ഥാപനങ്ങളില്‍നിന്ന് വായ്പയായി എടുത്തിട്ടുള്ളത്. ബാങ്കുകളുടെ കണ്‍സോര്‍ഷ്യം നല്‍കാമെന്നേറ്റിരിക്കുന്ന 3,000 കോടി രൂപയിലാണ് സ്ഥാപനത്തിന്റെ പ്രതീക്ഷ. കൂടിയ പലിശനിരക്കിലും കുറഞ്ഞ കാല തിരിച്ചടവിലും എടുത്തിട്ടുള്ള വായ്പകള്‍ പൊതുമേഖലാ ബാങ്കുകളുടെ കണ്‍സോര്‍ഷ്യത്തിലേക്ക് മാറ്റാനുള്ള ചര്‍ച്ചകളാണ് ഇപ്പോൾ നടക്കുന്നത്.

© 2024 Live Kerala News. All Rights Reserved.