ഇരുമ്പഴികള്‍ക്കുള്ളില്‍ സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ക്രൂരപീഡനം, ഡല്‍ഹിയിലെ ആശ്രമത്തെക്കുറിച്ച് പോലീസ് പുറത്തുവിട്ടത് ഞെട്ടിക്കുന്ന വിവരങ്ങള്‍.

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെയും സ്ത്രീകളെയും ഇരുമ്പഴികളില്‍ക്കുള്ളിലിട്ട് ക്രൂരമായി പീഡിപ്പിച്ചിരുന്ന ഡല്‍ഹിയിലെ ആധ്യാത്മിക വിശ്വ വിദ്യാലയത്തിനെതിരെ ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി പോലീസ് . സ്ത്രീകളെയും കുട്ടികളെയും അതിക്രൂരമായി തടവിലിട്ടാണ് ലൈംഗീക പീഡനത്തിന് വിധേയരാക്കിയതെന്നും മൃഗസമാനമായ സാഹചര്യത്തിലാണ് ആശ്രമത്തിലെ മിക്ക അന്തേവാസികളും ജീവിച്ചതെന്നും പോലീസ് വ്യക്തമാക്കി.

വീരേന്ദര്‍ ദേവ ദീക്ഷിത് എന്ന വ്യക്തിയുടെ ഉടമസ്ഥതയിലുതാണ് ഈ ആശ്രമം. ഡല്‍ഹി നോര്‍ത്തില്‍ രോഹിണിയിലാണ് ഈ സ്ഥാപനം പ്രവര്‍ത്തിച്ചുകൊണ്ടിരുന്നത്. സ്ത്രീകളെയും പെണ്‍കുട്ടികളെയും അന്യായമായി തടവില്‍ വെക്കുന്നുവെന്ന സന്നദ്ധ സംഘടനയുടെ പരാതിയെത്തുടര്‍ന്ന് ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് പോലീസ് റെയ്ഡ് നടത്തിയത്.

.തടവിലാക്കപ്പെട്ട ഗുര്‍മീത് റാം റഹീമിന്റെ ആശ്രമമായ ദേര സച്ഛാ സൗദയിലേതിനു സമാനമായ അവസ്ഥയാണ് ഇവിടെയുമെന്ന് ഈ വിഷയം കോടതിയുടെ ശ്രദ്ധയില്‍പ്പെടുത്തിയ സന്നദ്ധ സംഘടനയും പറഞ്ഞിരുന്നു.

14 വര്‍ഷത്തോളമായി തടവില്‍ കഴിയുന്ന സ്ത്രീകളും കുട്ടികളും ഇവിടെയുണ്ടെന്ന് നേരത്തെ ഒരു എന്‍ജിഒ ആരോപിച്ചിരുന്നു. നിരന്തര പീഡനത്തിന് വിധേയയായിരുന്ന ഒരു പെണ്‍കുട്ടിയെയും എന്‍ജിഒ കോടതിയില്‍ ഹാജരാക്കിയിരുന്നു. ആശ്രമത്തില്‍ വച്ച് താന്‍ പലതവണ പീഡനത്തിനിരയായിട്ടുണ്ടെന്നും, മാതാപിതാക്കളോടുപോലും പീഡനവിവരം പറയാന്‍ കഴിയാത്ത സാഹചര്യമാണ് ഉണ്ടായിരുന്നതെന്നും പെണ്‍കുട്ടി കോടതിയില്‍ വെളിപ്പെടുത്തി.

രോഹിണിയിലെ ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ രജനീഷ് ഗുപ്ത, ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ സ്വാതി മാളവ്യ, എന്നിവരുടെ നേതൃത്വത്തിലായിരുന്നു റെയ്ഡ് നടത്തിയത്. പെണ്‍കുട്ടികളെ കാണാനെത്തിയ തങ്ങളെ മറ്റ് അന്തേവാസികള്‍ ആക്രമിക്കാന്‍ ശ്രമിക്കുകയും മണിക്കൂറുകളോളം തടഞ്ഞുവെക്കാന്‍ ശ്രമിക്കുകയും ചെയ്തുവെന്ന് ഡല്‍ഹി വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു.

പോലീസ് സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഡല്‍ഹി ഹൈക്കോടതി സിബിഐയോട് അന്വേഷണം നടത്താന്‍ ആവശ്യപ്പട്ടിരിക്കുകയാണ് ഇപ്പോള്‍. കൂടാതെ ആശ്രമത്തില്‍ ബലാത്സംഗത്തിനിരയായ പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത കേസുകളുമായി ബന്ധപ്പെട്ട മുഴുവന്‍ കേസുകളുടെ രേഖകള്‍ പിടിച്ചെടുക്കാനും ആക്ടിങ് ചീഫ് ജസ്റ്റിസ് ഗീത മിത്തല്‍, ജസ്റ്റിസ് സി.ഹരിശങ്കര്‍ എന്നവര്‍ അധ്യക്ഷരായ ബെഞ്ച് സിബിഐയോട് ആവശ്യപ്പെട്ടു.

© 2024 Live Kerala News. All Rights Reserved.