2ജി സ്‌പെക്ട്രം; 1.75 ലക്ഷം കോടി അഴിമതിക്ക് കുറ്റക്കാരില്ല; കനിമൊഴി, രാജ ഉള്‍പ്പെടെ എല്ലാ പ്രതികളെയും വെറുതേവിട്ടു

രാജ്യത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച 2ജി സ്‌പെക്ട്രം അഴിമതിക്കേസിലെ എല്ലാ പ്രതികളെയും കുറ്റവിമുക്തരാക്കി ഡല്‍ഹി സിബിഐ കോടതി വിധി. കേസിലെ പ്രതികളായ മുന്‍ ടെലികോം മന്ത്രിയും ഡി.എം.കെ നേതാവുമായ എ. രാജ, കരുണാനിധിയുടെ മകളും രാജ്യസഭ എം.പിയുമായ കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ ബറുവ, ബോളിവുഡ് നിര്‍മാതാവ് കരീം മൊറാനി, വ്യവസായി ഷാഹിദ് ബല്‍വ, അനില്‍ അംബാനിയുടെ റിലയന്‍സ് ഗ്രൂപ്പിന്റെ മുന്‍ മാനേജിങ് ഡയറക്ടര്‍ ഗൗതം ഡോഷി തുടങ്ങിയ പ്രതികളെയെല്ലാം കോടതി കുറ്റവിമുക്തരാക്കി.

രണ്ടാം യുപിഎ ഭരണ കാലത്ത് നടന്ന അഴിമതി ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ വലിയ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. യുപിഎ സര്‍ക്കാരിനെ ഉലയ്ക്കുന്നതില്‍ നിര്‍ണാകയമായ കേസില്‍ പ്രതികളെ കുറ്റവിമുക്തരാക്കിയ നടപടി രാജ്യത്ത് അമ്പരപ്പ് സൃഷ്ടിച്ചിരിക്കുകയാണ്. എ. രാജയുള്‍പ്പടെ കേസിലെ പ്രതികളെ നിരവധി തവണ സിബിഐ കോടതി രൂക്ഷമായി വിമര്‍ശിച്ചിരുന്നു.

കുറ്റം തെളിയിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതാണ് പ്രതികള്‍ക്ക് അനുകൂല വിധിയുണ്ടാക്കിയതെന്നാണ് സൂചന.

മുന്‍തമിഴ്‌നാട് മുഖ്യമന്ത്രി ജെ. ജയലളിതയുടെ മണ്ഡലമായ ആര്‍.കെ. നഗറില്‍ ഇന്ന് ഉപതിരഞ്ഞെടുപ്പു നടക്കുന്നതിനിടെയാണ് ദേശീയ- തമിഴ്നാട് രാഷ്ട്രീയത്തില്‍ ഏറെ പ്രാധാന്യമുള്ള വിധി പുറത്തെത്തിയിരിക്കുന്നത്. ഒറ്റ വരിയിലുള്ള വിധി പ്രസ്താവനയുടെ കൂടുതല്‍ വിശദാംശങ്ങള്‍ ഇതുവരെ പുറത്തു വന്നിട്ടില്ല.

മാനദണ്ഡങ്ങള്‍ പാലിക്കാതെ, 122 സ്വകാര്യ ടെലകോം കമ്പനികള്‍ക്ക 2 ജി ലൈസന്‍സ് സ്പെക്ട്രം വിതരണം ചെയ്തതില്‍ സര്‍ക്കാര്‍ ഖജനാവിന് 30,984 കോടിയുടെ നഷ്ടമുണ്ടായെന്നാണ് സി.ബി.ഐ. കേസ്. ഈ ലൈസന്‍സുകള്‍ 2012 ഫെബ്രുവരി രണ്ടിന് സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

സി.ബി.ഐ. ഫയല്‍ചെയ്ത ആദ്യ കേസില്‍ മുന്‍ ടെലികോം മന്ത്രി എ. രാജ, കനിമൊഴി, മുന്‍ ടെലികോം സെക്രട്ടറി സിദ്ധാര്‍ഥ് ബെഹൂറ, രാജയുടെ മുന്‍ പ്രൈവറ്റ് സെക്രട്ടറി പി.കെ. ചന്ദോലിയ തുടങ്ങി 14 പേരും സ്വാന്‍ ടെലികോം, റിലയന്‍സ് ടെലികോം, യുണീടെക് വയര്‍ലെസ് എന്നീ കമ്പനികളും പ്രതികളാണ്.

രണ്ടാം സി.ബി.ഐ. കേസില്‍ എസ്സാര്‍ ഗ്രൂപ്പ് പ്രൊമോട്ടര്‍മാരായ രവി റൂയിയ, അന്‍ഷുമാന്‍ റൂയിയ, ലൂപ് ടെലികോമിന്റെ കിരണ്‍ ഖെയ്താന്‍, ഭര്‍ത്താവ് ഐ.പി. ഖെയ്താന്‍, എസ്സാര്‍ ഗ്രൂപ്പ് ഡയറക്ടര്‍ (സ്ട്രാറ്റജി ആന്‍ഡ് പ്ലാനിങ്) വികാസ് സറഫ് എന്നിവരും ലൂപ് ടെലികോം, ലൂപ് മൊബൈല്‍ ഇന്ത്യ, എസ്സാര്‍ ടെലി ഹോള്‍ഡിങ് എന്നീ കമ്പനികളും പ്രതികളാണ്.

© 2024 Live Kerala News. All Rights Reserved.