ഇന്ദിരാഗാന്ധിക്കുണ്ടാക്കാനാകാത്ത നേട്ടം കൊയ്തതായി മോദി, അന്ന് 18, ഇന്ന് 19

ഇന്ദിരാ ഗാന്ധിക്കുണ്ടാക്കാനാവാത്ത നേട്ടം തനിക്കുണ്ടാക്കാനായതായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഗുജറാത്ത് തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് ശേഷം ആദ്യമായി ബി.ജെ.പി പാര്‍ലമെന്റെംഗങ്ങളെ അഭിസംബോധന ചെയ്യുമ്പോഴാണ് വികാരപരമായി മോദി പാര്‍ട്ടിയുടെ മുന്നേറ്റത്തെ കുറിച്ച് പറഞ്ഞത്.

‘ഇതൊരു മഹത്തായ വിജയമാണ്. ഇപ്പോള്‍ നമ്മള്‍ 19 സംസ്ഥാനങ്ങള്‍ ഭരിക്കുന്നു. ഇന്ദിരാ ഗാന്ധി അധികാരത്തിലിരുന്നപ്പോള്‍ പരമാവധി 18 സംസ്ഥാനങ്ങളിലാണ് കോണ്‍ഗ്രസ് ഭരണത്തിലുണ്ടായിരുന്നത്.’ 1984 ല്‍ രണ്ട് സീറ്റുമായി തുടങ്ങിയ പാര്‍ട്ടിയുടെ ജൈത്രയാത്രയെ കുറിച്ചും മോഡി പാര്‍ലമെന്റംഗങ്ങളോട് പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.

അതേസമയം അടുത്ത വര്‍ഷം നടക്കുന്ന സംസ്ഥാന തിരഞ്ഞെടുപ്പുകളേയും പിന്നീട് നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനേയും കുറിച്ച് മോഡി മുന്നറിയിപ്പ് നല്‍കിയെന്നും റിപ്പോര്‍ട്ടുകളുണ്ട്. അഞ്ച് സംസ്ഥാനങ്ങളിലെ കൂട്ടുഭരണമുള്‍പ്പെടെ രാജ്യത്ത് 19 സംസ്ഥാനങ്ങളിലാണ് ഇപ്പോള്‍ ബി.ജെ.പി ഭരിക്കുന്നത്. ഇക്കഴിഞ്ഞ ഗുജറാത്ത് തിരഞ്ഞെടുപ്പില്‍ ആറാം പ്രാവശ്യവും ബി.ജെ.പി വിജയിച്ചിരുന്നു. ഒപ്പം ഹിമാചല്‍ പ്രദേശും കോണ്‍ഗ്രസില്‍ നിന്ന് പാര്‍ട്ടി പിടിച്ചെടുത്തിരുന്നു.

© 2024 Live Kerala News. All Rights Reserved.