സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നുവെന്ന പ്രസ്താവന; ജേക്കബ് തോമസിന് സസ്‌പെന്‍ഷന്‍

സര്‍ക്കാരിനെതിരേ പരസ്യ നിലപാടെടുത്തതിനെ തുടര്‍ന്ന് മുന്‍ വിജിലന്‍സ് ഡയറക്ടറും ഐഎംജി മേധാവിയിയുമായ ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തു. സംസ്ഥാനത്തെ നിയമവാഴ്ച തകര്‍ന്നെന്നു പരസ്യമായി ആരോപിച്ച ജേക്കബ് തോമസിനെ മുഖ്യമന്ത്രിയുടെ നിര്‍ദേശ പ്രകാരമാണ് സസ്‌പെന്‍ഡ് ചെയ്തത്. കഴിഞ്ഞ ദിവസമാണ് ഇതുസംബന്ധിച്ച് ഉത്തരവിറക്കിയത്.

കഴിഞ്ഞ ഒന്‍പതിനു തിരുവനന്തപുരം പ്രസ്‌ക്ലബ് സംഘടിപ്പിച്ച അഴിമതി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി നടന്ന ചടങ്ങിലായിരുന്നു ജേക്കബ് തോമസിന്റെ സര്‍ക്കാരിനെതിരേ പ്രസ്താവന നടത്തിയത്. അഴിമതിക്കെതിരേ നിലകൊള്ളാന്‍ ജനങ്ങള്‍ പേടിക്കുന്നതിന് കാരണം സംസ്ഥാനത്ത് നിയമവാഴ്ചയില്ലാത്തതാണെന്നാണ് അദ്ദേഹം പറഞ്ഞത്. അഴിമതിക്കാര്‍ ഇവിടെ ഐക്യത്തിലാണ്. അവര്‍ക്ക് അധികാരമുണ്ട്. അഴിമതിവിരുദ്ധരെ ഒറ്റപ്പെടുത്തി ഇല്ലാതാക്കുന്നു. 51 വെട്ട് വെട്ടിയില്ലെങ്കിലും അഴിമതിവിരുദ്ധരെ നിശബ്ദരാക്കും. ഭീകരരുടെ രീതിയാണിത്.

പണക്കാരുടെ മക്കളാണു കടലില്‍ പോയതെങ്കില്‍ ഇതാകുമായിരുന്നോ പ്രതികരണമെന്ന്, ഓഖി ചുഴലിക്കാറ്റില്‍ കൈക്കൊണ്ട നടപടികളെ ചോദ്യംചെയ്ത് ജേക്കബ് തോമസ് വിമര്‍ശിച്ചിരുന്നു. ജനങ്ങളുടെ കാര്യം നോക്കാന്‍ കഴിയാത്തവര്‍ എന്തിനു തുടരുന്നുവെന്നും സര്‍ക്കാരിനെ പരോക്ഷമായി വിമര്‍ശിച്ച് ജേക്കബ് തോമസ് ചോദിച്ചിരുന്നു.

ജേക്കബ് തോമസിന്റെ പ്രസ്താവന ജനങ്ങള്‍ക്കിടയില്‍ സര്‍ക്കാരിന് അവമതിപ്പുണ്ടാക്കിയെന്നും ഐപിഎസ് ഉദ്യോഗസ്ഥനു ചേരാത്ത നടപടിയാണെന്നും വിലയിരുത്തിയാണ് അദ്ദേഹത്തെ സസ്പെന്‍ഡ് ചെയ്യാന്‍ മുഖ്യമന്ത്രി ഉത്തരവിട്ടത്.

അഖിലേന്ത്യാ സര്‍വീസ് നിയമം 3(1എ) പ്രകാരമാണു നടപടി. സംസ്ഥാനതാത്പര്യത്തിനു വിരുദ്ധമായ സമീപനമെടുക്കുന്ന ഉദ്യോഗസ്ഥനെ സര്‍വീസില്‍നിന്നു നീക്കാമെന്ന് ഇതുസംബന്ധിച്ച ചട്ടത്തില്‍ പറയുന്നു. സസ്പെന്‍ഷന്‍ കൂടാതെ അച്ചടക്കനടപടിയും സ്വീകരിക്കും.