നിയമസഭയില്‍ ദളിതന്റെയും ശബ്ദമില്ലാത്തവന്റെയും ശബ്ദമാകും: ജിഗ്നേഷ് മേവാനി

ഗുജറാത്ത് നിയമസഭയില്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായി മാറുമെന്ന് വഡ്ഗാമില്‍ നിന്ന് വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ച ദലിത് സമര നേതാവ് ജിഗ്‌നേഷ് മേവാനി. രാജ്യം മാറ്റത്തിന് തയ്യാറായെന്നും ജിഗ്നേഷ് പറഞ്ഞു. തന്റെ വിജയം രാജ്യത്ത് ജാതീയ പീഡനങ്ങള്‍ക്കിരയായ ജനങ്ങളുടെ വിജയമാണെന്നും ജിഗ്നേഷ് കൂട്ടിച്ചേര്‍ത്തു. പാവപ്പെട്ടവരും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരുമായ സമൂഹത്തിന് വേണ്ടി എന്നും ശബ്ദമുയര്‍ത്തുമെന്നും അദ്ദേഹം പറഞ്ഞു.

തെരുവില്‍ എത്ര ശബ്ദമുയര്‍ത്തിയാലും നിയമസഭയിലും പാര്‍ലമെന്റിലും നമ്മുടെ ശബ്ദമുയരേണ്ടത് അത്യാവശ്യമാണ്. നിയമസഭയില്‍ ഒരിക്കലും വിപ്ലവം നടക്കില്ല. നമ്മള്‍ തെരുവിലെ ജനതയ്ക്കൊപ്പം തന്നെയായിരിക്കണം. നിയമസഭയില്‍ ശബ്ദമില്ലാത്തവരുടെ ശബ്ദമായി താന്‍ മാറുമെന്നും എന്നാല്‍ അതോടൊപ്പം സമരങ്ങളുടെ രാഷ്ട്രീയവും തുടരുമെന്നും മേവാനി കൂട്ടിച്ചേര്‍ത്തു.ദേശീയതലത്തില്‍ ബിജെപിക്കെതിരെ ശക്തി സംഭരിക്കുകയാണ് തന്റെ ലക്ഷ്യമെന്നും ഗുജറാത്ത് തെരഞ്ഞെടുപ്പ് ദേശീയതലത്തില്‍ വലിയ മാറ്റങ്ങള്‍ക്ക് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു.

ദളിതനാണെന്ന കാരണത്താല്‍ ആത്മഹത്യ ചെയ്യുന്നു എന്ന് എഴുതി ജീവനൊടുക്കിയ രോഹിത് വെമുലയുടെ മരണത്തിന് ഒരു വര്‍ഷമാകാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെയാണ് ജിഗ്നേഷിന്റെ വിജയം എന്നത് ഏറെ പ്രതീക്ഷകള്‍ നല്‍കുന്നുണ്ട്. 2016 ജനുവരി 17 നാണ്
ഹൈദരാബാദ് സര്‍വകലാശാലയിലെ അധികൃതരുടെ ജാതിയ പീഡനങ്ങളില്‍ മനംനൊന്ത് ദളിത് വിദ്യാര്‍ഥി രോഹിത് വെമുല ആത്മഹത്യ ചെയ്തത്. അതിന് മുന്‍പും ശേഷവും നിരവധി ദളിത് പീഡനങ്ങള്‍ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. നിലവിലെ സാഹചര്യത്തില്‍ ദളിത് നേതാവായ മേവാനിയുടെ നിയമസഭാ പ്രവേശനം ഏറെ പ്രതീക്ഷയോടെയാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്.

© 2024 Live Kerala News. All Rights Reserved.