എന്തുകൊണ്ട് 150 സീറ്റ് കിട്ടിയില്ല ; അമിത് ഷാ നിരത്തുന്ന കാരണങ്ങള്‍

ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ വിജയിച്ചെങ്കിലും നേടുമെന്നവകാശപ്പെട്ട 150 സീറ്റുകള്‍ മുഴുവന്‍ വിജയിക്കാന്‍ സാധിക്കാത്തതിന്റെ പഴിയും വിമര്‍ശനവും ബിജെപിയെ പിന്തുടരുകയാണ്. ബിജെപിയുടെ പല സിറ്റിംഗ് സീറ്റുകളും കോണ്‍ഗ്രസ് പിടിച്ചടക്കിയത് കേന്ദ്ര-സംസ്ഥാന ഭരണങ്ങള്‍ക്കേറ്റ തിരിച്ചടിയാണെന്നും വിമര്‍ശിക്കുന്നവര്‍ കുറവല്ല. എന്തുകൊണ്ട് 150 സീറ്റ് കിട്ടിയില്ലെന്ന് ചോദ്യത്തിന് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ.

കോണ്‍ഗ്രസിന്റെ ‘തരംതാണ’ രാഷ്ട്രീയ പ്രചാരണങ്ങളാണ് ബിജെപിയുടെ വിജയത്തിന്റെ മാറ്റ് കുറച്ചതെന്നാണ് അമിത് ഷായുടെ വാദം. തങ്ങളുടെ സീറ്റുകളില്‍ പലതും തരം താണ കളികൊണ്ട് കോണ്‍ഗ്രസ് പിടിച്ചെടുത്തുവെന്നും അമിത് ഷാ ആരോപിച്ചു. എന്നാല്‍ ബിജെപിയുടെ വിജയത്തോടെ രാജ്യത്തിന്റെ വികസന മുന്നേറ്റം രണ്ട് പടി കൂടി കടന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

മാധ്യമങ്ങള്‍ എന്തെഴുതിയാലും ഗുജറാത്തില്‍ ബിജെപി 150 സീറ്റ് നേടുമെന്നായിരുന്നു തെരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് പാര്‍ട്ടി ദേശീയ അദ്ധ്യക്ഷന്‍ അമിത് ഷായുടെ അവകാശവാദം. എന്നാല്‍ ബിജെപിക്ക് 100 സീറ്റ് പോലും നേടാനായില്ല. ആറാം തവണയും ഭരണം നിലനിര്‍ത്താന്‍ കഴിഞ്ഞു എന്ന് ആശ്വാസത്തിലും ബിജെപിയെ 99 സീറ്റില്‍ തളച്ചിടാന്‍ കോണ്‍ഗ്രസിന് കഴിഞ്ഞു. മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് കോണ്‍ഗ്രസിന്റെ മികച്ച മുന്നേറ്റമാണ് ഗുജറാത്ത് തെരഞ്ഞെടുപ്പില്‍ കാണാന്‍ സാധിച്ചത്.

© 2024 Live Kerala News. All Rights Reserved.