പിണറായി വിജയനോട് പികെ ഫിറോസ്; ‘ഉളുപ്പ് വേണം ഉളുപ്പ്’

ഹിമാചല്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പില്‍ സിപിഐഎം സ്ഥാനാര്‍ത്ഥി രാകേഷ് സിംഗ ജയിച്ചതുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റിട്ട മുഖ്യമന്ത്രി പിണറായി വിജയനെ വിമര്‍ശിച്ച് മുസ്ലീം യൂത്ത്‌ലീഗ് നേതാവ് പി.കെ. ഫിറോസ്.

രാകേഷിന്റെ വിജയത്തില്‍ പിണറായി വിജയന്‍ ഇട്ട പോസ്റ്റ് ഇങ്ങനെ.

ഹിമാചലില്‍ തിയോഗ നിയമസഭ മണ്ഡലത്തിലെ തെരഞ്ഞെടുപ്പില്‍ ബിജെപിയെയും കോണ്‍ഗ്രസിനെയും എതിരിട്ട് വിജയിച്ച രാകേഷ് സിംഗയെ അഭിനന്ദിക്കുന്നു. കാല്‍നൂറ്റാണ്ടിനു ശേഷമുളള ഹിമാചലിലെ സി.പി.ഐ.എമ്മിന്റെ വിജയം മതനിരപേക്ഷ ശക്തികള്‍ക്ക് ആവേശം പകരുന്നതാണ്.

ബിജെപിയെയും കോണ്‍ഗ്രസിനെയും എതിരിട്ടാണ് രാകേഷ് ജയിച്ചതെന്ന പ്രസ്താവനയാണ് ഫിറോസിനെ ചൊടിപ്പിച്ചത്. പിണറായിക്ക് ഫിറോസ് നല്‍കിയ മറുപടി ഇങ്ങനെ.

ഹിമാചല്‍പ്രദേശിലെ തിയോഗ നിയമസഭാ മണ്ഡലത്തില്‍ സി.പി.എം സ്ഥാനാര്‍ത്ഥിക്ക് വിജയം. തങ്ങളുടെ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് സി.പി.എമ്മിനെ പിന്തുണക്കുകയായിരുന്നു. എന്ന് വെച്ചാല്‍ കോണ്‍ഗ്രസിന്റെ കൂടി വോട്ട് വാങ്ങിയാണ് സി.പി.എം അവിടെ വിജയിച്ചത്. കാരണം മറ്റൊന്നുമല്ല മുഖ്യ ശത്രു ബി.ജെ.പിയാണ്. എന്നിട്ടും മ്മടെ മുഖ്യമന്ത്രി പറഞ്ഞത് നോക്കൂ. കോണ്‍ഗ്രസിനെയും ബി.ജെ.പിയെയും എതിരിട്ടാണ് ജയിച്ചതത്രേ! ഉളുപ്പ് വേണം ഉളുപ്പ്

ഇനി ഗുജറാത്തിലെ തെരഞ്ഞെടുപ്പില്‍ സി.പി.എം നിലപാട് എന്തായിരുന്നു. സംശയമില്ല ബി.ജെ.പി തോല്‍ക്കണം. അപ്പോ കോണ്‍ഗ്രസോ? കോണ്‍ഗ്രസ് ജയിക്കാനും പാടില്ല. എന്താ കാരണം. നവലിബറല്‍ നയങ്ങള്‍. ഒലക്കേടെ മൂട്…..