ഓഖി ദുരന്തം; പ്രധാനമന്ത്രി നരേന്ദ്രമോഡി ഇന്ന് പൂന്തുറ മേഖല സന്ദർശിക്കും

സംസ്ഥാനത്ത് ഏറെ നാശനഷ്ടങ്ങൾ വരുത്തിയ ‘ഓഖി’ ദുരന്ത ബാധിതപ്രദേശങ്ങൾ നേരിൽക്കണ്ടു വിലയിരുത്താൻ പ്രധാനമന്ത്രി നരേന്ദ്ര മോഡി ഇന്നു പൂന്തുറയിൽ എത്തും. വൈകിട്ട് 4 മണിയോടെയായിരിക്കും പ്രധാനമന്ത്രി പൂന്തുറയിൽ എത്തി മത്സ്യതൊഴിലാളികളെ നേരിട്ട് കാണുക.

കന്യാകുമാരി, കവരത്തി പ്രദേശങ്ങളിലെ ഓഖി ദുരന്തബാധിതരെ സന്ദർശിച്ചതിന് ശേഷമായിരിക്കും മോഡി കേരളത്തിൽ എത്തുക. അതേസമയം, കേരളത്തിലെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോഡി ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുന്നത് ഒഴിവാക്കാൻ സംസ്ഥാന സർക്കാർ ശ്രമിച്ചതായി ബിജെപി വൃത്തങ്ങൾ ആരോപിച്ചു. രാജ്ഭവനിൽ ചർച്ചായോഗം നടത്തി അദ്ദേഹത്തെ തിരികെ അയയ്ക്കാനുള്ള സർക്കാർ ശ്രമം ബിജെപി ഇടപെടൽ മൂലമാണ് ഒഴിവായതെന്ന് അവർ പറഞ്ഞു.

രാജ്‌ഭവനിലോ വിമാനത്താവളത്തിലോ വച്ചാകും മുഖ്യമന്ത്രിയടക്കമുള്ള നേതാക്കളുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്‌ച. ലക്ഷദ്വീപിലും പ്രധാനമന്ത്രി സന്ദര്‍ശനം നടത്തും. രാവിലെ കൊച്ചിയില്‍ നിന്ന്‌ കവരത്തി ഹെലിപാഡിലെത്തുന്ന പ്രധാനമന്ത്രിയെ ദ്വീപ്‌ അഡ്‌മിനിസ്‌ട്രേറ്റര്‍, എം.പി. എന്നിവര്‍ ചേര്‍ന്നു സ്വീകരിക്കും.

സെക്രട്ടേറിയറ്റില്‍വച്ച്‌ ദ്വീപ്‌ നിവാസികളുടെ പ്രശ്‌നങ്ങള്‍ പ്രധാനമന്ത്രി കേള്‍ക്കും. പ്രധാനമന്ത്രിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി കര്‍ശന സുരക്ഷ തിരുവനന്തപുരത്ത്‌ ഒരുക്കിയിട്ടുണ്ട്‌. ഉച്ചയ്‌ക്ക്‌ ഒന്നരയോടെ തിരുവനന്തപുരം വിമാനത്താവളത്തിലെത്തുന്ന പ്രധാനമന്ത്രി അവിടെനിന്നു കന്യാകുമാരിയിലേക്കു പോകും. നാലരയോടെ തിരുവനന്തപുരത്തു തിരിച്ചെത്തും.

© 2024 Live Kerala News. All Rights Reserved.