ജീവനക്കാരുടെ കൂട്ടരാജി: കെ.എസ്.ആര്‍.ടി.സി. പ്രതിസന്ധിയില്‍

ഇടതുമന്ത്രിസഭ വന്നതിനുശേഷം വകുപ്പു മന്ത്രിമാര്‍ തന്നെ രണ്ട് തവണ രാജിവച്ച ഗതാഗതവകുപ്പില്‍, കെ.എസ്.ആര്‍.ടിസിയെ പ്രതിരോധത്തിലാക്കി ജീവനക്കാരും. മികച്ച ശമ്പളം ലഭിക്കുന്ന മറ്റ് മേഖലകളിലേക്ക് ജോലി തേടിപോയ 606 പേര്‍ രാജിവച്ചു. ഇത്രയും അധികം പേര്‍ കെ.എസ്.ആര്‍.ടി.സിയില്‍ നിന്നും ജോലി ഉപേക്ഷിക്കുന്നത് ചരിത്രത്തില്‍ ആദ്യമാണെന്നാണ് റിപ്പോര്‍ട്ട്. പെന്‍ഷനും കിട്ടാതാകുമോ എന്ന ആശങ്കയുമാണ് തൊഴിലാളികളെ രാജി നല്‍കി മറ്റു ജാലികളില്‍ പ്രവേശിക്കാന്‍ കാരണമായതെന്നാണ് തൊഴിലാളികള്‍ പറയുന്നത്. ഇവരുടെ രാജി മാനേജ്മന്റ് അംഗീകരിക്കുകയും ചെയ്തു.

അതേസമയം , സ്ഥാപനത്തിന്റെ സാമ്പത്തിക പ്രിതിസന്ധിയല്ല രാജിക്ക് പിന്നിലെന്ന് കെ.എസ്.ആര്‍.ടി.സി. അധികൃതര്‍ അറിയിച്ചു. അസിസ്റ്റന്റ് ഡിപ്പോ എന്‍ജിനീയര്‍, കണ്ടക്ടര്‍, ഡ്രൈവര്‍, മെക്കാനിക്ക് ഗ്രേഡ് 2, ബ്ലാക്‌സ്മിത്, പെയിന്റര്‍, ജൂനിയര്‍ അസിസ്റ്റന്റ് , ഗാര്‍ഡ്, പ്യൂണ്‍, സ്റ്റോര്‍ ഇഷ്യൂവര്‍ എന്നീ തസ്തികകളില്‍ ഉള്ള ജീവനക്കാര്‍ ആണ് വിവിധ കാലയളവില്‍ രാജി അപേക്ഷ നല്‍കിയിരുന്നത്. ഇവരുടെ രാജി അപേക്ഷ സ്വീകരിക്കാതെ നീട്ടികൊണ്ടുപോയതായി ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്നാണ് നടപടി എന്ന് കെ.എസ്.ആര്‍.ടി.സി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

മെച്ചപ്പെട്ട ശമ്പളം ലഭിക്കുന്ന സര്‍ക്കാര്‍ ജോലി ലഭിക്കുമ്പോള്‍ ഓരോ മാസവും കുറഞ്ഞത് 10 പേരെങ്കിലും രാജി വെക്കാറുണ്ടെന്നാണ് അധികൃതര്‍ പറയുന്നത്.