‘രാഹുകാലം തുടങ്ങി’; ഈ തിരിച്ചുവരവ് കോണ്‍ഗ്രസിന് പ്രതീക്ഷ നല്‍കുന്നത്

ഭരണസംവിധനങ്ങള്‍ ഉപയോഗിച്ച് സംഘപരിവാര്‍ രാജ്യത്ത് വര്‍ഗീയതുടെ രാഷട്രീയം ശക്തിപ്പെടുത്തുന്ന സമയത്ത് നടക്കുന്ന തെരഞ്ഞെടുപ്പ് എന്നതാണ് ഗുജറാത്ത് തെരഞ്ഞെടുപ്പിന്റെ രാഷട്രീയ പ്രധാന്യം. ഇതേ സമയത്ത് തന്നെയാണ് 19 വര്‍ഷത്തിനു ശേഷം കോണ്‍ഗ്രസില്‍ അധികാരമാറ്റം സംഭവിക്കുന്നതും. തകര്‍ന്നടിഞ്ഞ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ അമരത്വം സോണിയാ ഗാന്ധിയില്‍ നിന്നും ഏറ്റെടുത്ത രാഹുല്‍ ഗാന്ധിയില്‍ പ്രതീക്ഷ നല്‍കുന്നതാണ് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പ്രകടനം. ഗുജറാത്തില്‍ കോണ്‍ഗ്രസിന് അധികാരത്തിലെത്താന്‍ സാധിച്ചില്ലെങ്കിലും പണവും അധികാരത്തിന്റെ ഹുങ്കും കൊണ്ട് ജനാധിപത്യത്തെ അട്ടിമറിക്കാനുള്ള ബിജെപിയുടെ നീക്കത്തെ ഒരു പരിധിവരെ പ്രതിരോധിക്കാന്‍ കോണ്‍ഗ്രസിന് ആയി എന്നുള്ളതും രാഹുല്‍ ഗാന്ധിയുടെ ഇടപെടലുകള്‍ക്ക് ഫലമുണ്ടായി എന്നതും ശുഭസൂചന തന്നെയാണ്

2014 ന് ശേഷം വിവിധ സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭാ തെരഞ്ഞെടുപ്പുകളിലെല്ലാം തന്നെ കോണ്‍ഗ്രസ് നേരിട്ട വലിയ വെല്ലുവിളി രാഹുല്‍ ഗാന്ധിയെ വേണ്ട രീതിയില്‍ ഉയര്‍ത്തികൊണ്ടുവരാന്‍ സാധിച്ചില്ല എന്നതു തന്നെയാണ്. ‘അമുല്‍ ബേബി’ ആയാണ് രാഹുല്‍ ഗാന്ധിയെ കോണ്‍ഗ്രസുകാര്‍പോലും കണ്ടിരുന്നത്. എന്നാല്‍ ഈ തെരഞ്ഞെടുപ്പില്‍ ശരീര ഭാഷയിലും സംഭാഷണ ശൈലിയിലും നരേന്ദ്രമോഡിയോടും അമിത് ഷായോടും ഏറ്റുമുട്ടാന്‍ രാഹുലിനെ പ്രാപ്തനാക്കി എന്നാണ് തെരഞ്ഞെടുപ്പ് ചിത്രം തെളിയിക്കുന്നത്.

തെരഞ്ഞെടുപ്പിന്റെ പ്രചാരണത്തിന് തുടക്കം മുതല്‍ തന്നെ രാഹുല്‍ ഗാന്ധി ഗുജറാത്തില്‍ എത്തി പ്രചരണങ്ങള്‍ക്ക് നേതൃത്വം നല്‍കിയിരുന്നു. പട്ടേല്‍ സമുദായത്തെ ഒപ്പം കൂട്ടാന്‍ എടുത്ത മൃദു ഹിന്ദുത്വ തീരുമാനം കോണ്‍ഗ്രസിന്റെ സ്ഥിരം വോട്ട് ബാങ്കുകളില്‍ ചോര്‍ച്ചയ്ക്ക് കാര്യമായെങ്കിലും സൂറത്തുപോലുള്ള നഗരങ്ങളില്‍ ബി.ജെ.പിയെ തറ പറ്റിക്കാനും കോണ്‍ഗ്രസിനു കഴിഞ്ഞു. നഗര കേന്ദ്രീകൃതമായ പ്രവര്‍ത്തനങ്ങള്‍ക്കാണ് ബി.ജെ.പി ഊന്നല്‍ നല്‍കിയത്. അതുകൊണ്ട് തന്നെയാണ് ഗ്രാമീണ കോണ്‍ഗ്രസിന് നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞത്. രാഹുല്‍ കുറച്ചു മാസങ്ങള്‍ക്ക് മുന്‍പ് തന്നെ ഗുജറാത്തില്‍ പ്രവര്‍ത്തിച്ചിരുന്നെങ്കില്‍ നേട്ടം ഇരട്ടിയാകുമായിരുന്നു എന്നാണ് ഗുജറാത്തിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ അവകാശവാദം.

ഗുജറാത്തില്‍ ഭരണ വിരുദ്ധവികാരങ്ങളെ ഏകോപിപ്പിക്കാന്‍ സാധിച്ചു എന്നതാണ് രാഹുലിന്റെ പ്രധാന നേട്ടങ്ങളില്‍ ഒന്ന്. 13 ഓളം സീറ്റുകളില്‍ കോണ്‍ഗ്രസിന് ശക്തമായ വിജയം ഉണ്ടായത് അല്‍പേഷ് താക്കൂറിനെയും ഹാര്‍ദ്ദിക് പട്ടേലിനെയും ഒരേ കുടക്കീഴില്‍ എത്തിക്കാന്‍ രാഹുലിന് കഴിഞ്ഞത് തന്നെയാണ് എന്ന് കണക്കുകള്‍ പറയുന്നുണ്ട്. തുടക്കം മുതല്‍ തന്നെ മികച്ച പ്രവര്‍ത്തനങ്ങളിലൂടെ തന്നെ ഗുജറാത്തില്‍ ബി.ജെ.പിയെ പ്രതിരോധത്തിലാക്കാന്‍ രാഹുലിന് സാധിച്ചിരുന്നു.

2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലെ പരാജയത്തിനു ശേഷം രാഹുല്‍ പാര്‍ട്ടി പ്രവര്‍ത്തനങ്ങളുടെ മുന്‍നിരിലുണ്ടായിരുന്നില്ല. മൂന്നുമാസക്കാലം വിദേശത്തെ ഒളിവ് താമസത്തിനു ശേഷമാണ് തിരികെ രാജ്യത്തെത്തിയത്. കോണ്‍ഗ്രസ് മുന്‍ ഉപാധ്യക്ഷന്റെ ഒളിച്ചോട്ടം ബി.ജെ.പി രാജ്യ വ്യാപകമായി വലിയ തോതീല്‍ പരിഹാസ്യമായ രീതിയില്‍ പ്രചരിപ്പിച്ചിരുന്നു. കോണ്‍ഗ്രസ് പ്രതിരോധത്തിലാകുന്ന ഘട്ടങ്ങളില്‍ രാഹുല്‍ മുങ്ങുകയാണെന്ന് കോണ്‍ഗ്രസ് അണികള്‍ക്കുള്ളില്‍ തന്നെ സംസാരമായിരുന്നു. ഈ തെരഞ്ഞെടുപ്പു ഫലം കോണ്‍ഗ്രസിനും രാജ്യത്തിനു പ്രതീക്ഷയേകുന്നതാണ്. ആരോടും പറയാതെ രാഹുല്‍ ഇനി മുങ്ങാതിരുന്നാല്‍ നല്ലത് കോണ്‍ഗ്രസിന് തന്നെയായിരിക്കും

© 2024 Live Kerala News. All Rights Reserved.