ഹിമാചലിലെ തിയോഗില്‍ സിപിഐഎം; രാകേഷ് സിംഗയ്ക്ക് ലഭിച്ചത് ചരിത്ര വിജയം

ഹിമാചല്‍ പ്രദേശിലെ തിയോഗ് നിയമസഭാ മണ്ഡലത്തില്‍ സിപിഐഎം വിജയിച്ചു. ഭൂരിപക്ഷം സംബന്ധിച്ച വ്യക്തമായ സൂചനകളില്ലെങ്കിലും 4000 ത്തില്‍ അധികം വോട്ടുകളുടെ ഭൂരിപക്ഷമുണ്ടെന്നാണ് വിവരം. രണ്ടാം സ്ഥാനത്ത് എത്തിയത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാകേഷ് വര്‍മ്മയാണ്.ഹിമാചല്‍ പ്രദേശിലെ സിഐറ്റിയു നേതാവായ രാകേഷ് സിപിഐഎം കേന്ദ്രകമ്മറ്റി അംഗവുമായിരുന്നു. മുന്‍പ് ഷിംലയില്‍നിന്ന് നിയമസഭാംഗമായിരുന്ന സിംഗയുടെ ജന്മനാട് കൂടി ഉള്‍ക്കൊള്ളുന്ന മണ്ഡലമാണ് തിയോഗ്.
കോണ്‍ഗ്രസിന്റെ മുതിര്‍ന്ന നേതാവ് വിദ്യാ സ്‌റ്റോക്ക്‌സ് നിലവില്‍ പ്രതിനിധാനം ചെയ്യുന്ന മണ്ഡലമാണിത്. വിദ്യാ സ്റ്റോക്ക്‌സിനോട് വിയോജിപ്പുള്ള കോണ്‍ഗ്രസിന്റെ ചില പ്രാദേശിക നേതാക്കള്‍ രാകേഷ് സിംഗയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിട്ടുമുണ്ടായിരുന്നു. രണ്ടു തവണ സ്വതന്ത്രനായും ഒരിക്കല്‍ ബിജെപി ടിക്കറ്റിലും നിയമസഭാംഗമായിട്ടുള്ളയാളാണ് രണ്ടാം സ്ഥാനത്തുള്ള രാകേഷ് വര്‍മ്മ.
ഹിമാചല്‍പ്രദേശ് സര്‍വകലാശാലയില്‍ പഠിക്കവേ വിദ്യാര്‍ത്ഥി പ്രസ്ഥാനത്തിലൂടെ പൊതുരംഗത്തുവന്ന രാകേഷ് സിംഗയെ ഭരണവര്‍ഗ ശക്തികള്‍ നിരന്തരം വേട്ടയാടിയിട്ടുണ്ട്. ഒട്ടേറെ തവണ പൊലീസ് മര്‍ദനങ്ങള്‍ക്ക് വിധേയനായി. കള്ളക്കേസില്‍ കുടുക്കി ജയിലിലടച്ചു. ചെങ്കൊടിയുടെ പതാകവാഹകനായി ഷിംലയില്‍നിന്ന് നിയമസഭയിലേക്ക് വിജയിച്ച രാകേഷ് സിംഗ ഭരണവര്‍ഗത്തെ ഞെട്ടിച്ചു. വീണ്ടും തിയോഗില്‍നിന്ന് ചരിത്രം സൃഷ്ടിക്കാനുള്ള മുന്നേറ്റത്തിലായിരുന്നു സിപിഐഎം പ്രവര്‍ത്തകര്‍. ഇതാണ് ഇപ്പോള്‍ രാകേഷ് സിംഗയുടെ വിജയത്തില്‍ എത്തിച്ചേര്‍ന്നിരിക്കുന്നത്.

ഹിമാചലിന്‍റെ തലസ്ഥാന ജില്ലയായ ഷിംലയില്‍ ഉള്‍പ്പെടെ 14 മണ്ഡലങ്ങളിലാണ് സിപിഐഎം സ്ഥാനാര്‍ഥികള്‍ ജനവിധി തേടിയത്.

ഹിമാചലില്‍ ശക്തമായ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തുമെന്നാണ് പുറത്തുവരുന്ന തെരഞ്ഞെടുപ്പ് ഫലങ്ങള്‍ വ്യക്തമാക്കുന്നത്. എക്‌സിറ്റ് പോള്‍ ഫലങ്ങളും ബിജെപിയ്ക്ക് അനുകൂലമായിരുന്നു. 42 സീറ്റുകളിലാണ് ബിജെപി മൃഗീയ ഭൂരിപക്ഷത്തോടെ മുന്നേറുന്നത്.

© 2024 Live Kerala News. All Rights Reserved.