ഗുജറാത്ത് തിരഞ്ഞെടുപ്പ്: ബിജെപിയെ തിരികെ ഭരണത്തിലെത്തിച്ചത് മോഡിയുടെ ട്രംപ് കാര്‍ഡ്

ബിജെപി സര്‍ക്കാര്‍ അധികാരത്തിലിരിക്കുന്ന സംസ്ഥാനത്തെ കേന്ദ്രം പൊന്നുപോലെ നോക്കുമെന്ന് പറയാതെ പറയുകയായിരുന്നു മോഡി. ഇത്തരം നിരന്തരമായ പ്രസ്താവനകളിലൂടെ ജനങ്ങളുടെ വിശ്വാസം നേടാന്‍ മോഡിക്ക് സാധിച്ചു. ഇതിനെ മറികടക്കാന്‍ പ്രധാന പ്രതിപക്ഷമായ കോണ്‍ഗ്രസിന് സാധിച്ചില്ല.

ഇന്ന് ഇപ്പോള്‍ ഉണ്ടായിരിക്കുന്ന ജനവിധി മോഡിക്ക് മാത്രം അവകാശപ്പെടാനുള്ളതാണ്. ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി തിരഞ്ഞെടുപ്പ് ചിത്രത്തില്‍ അപ്രസക്തനായിരുന്നു. ബിജെപിയുടെ ദേശീയ അധ്യക്ഷന്‍ അമിത് ഷാ പോലും തിരഞ്ഞെടുപ്പ് റാലികളില്‍ അപ്രസക്തനായിരുന്നു. നിറഞ്ഞ് നിന്നിരുന്നത് മോഡി മാത്രമായിരുന്നു. മോഡിയെ ഇറക്കി കളിച്ചില്ലെങ്കില്‍ തോല്‍ക്കുമെന്ന് വ്യക്തമായിരുന്നതിനാലാണ് മോഡി ഗുജറാത്തില്‍ തമ്പടിച്ച് റാലികള്‍ നടത്തിക്കൊണ്ടിരുന്നത്.

ബിജെപിക്ക് ആദ്യഘട്ടത്തില്‍ തിരിച്ചടി നേരിട്ടിരുന്നു എന്നത് കണക്കുകളില്‍നിന്ന് വ്യക്തമാണ്. 150 സീറ്റുകള്‍ ലക്ഷ്യമിട്ട് ഇറങ്ങിയ ബിജെപിക്ക് കഴിഞ്ഞ തവണത്തെ 115 സീറ്റുകള്‍ കിട്ടിയില്ലാ എന്നേയുള്ളു. 110 സീറ്റുകളില്‍ അവര്‍ക്ക് വിജയിക്കാന്‍ സാധിച്ചു. ഇത് ബിജെപിക്ക് വലിയ പരാജയമല്ല, പക്ഷെ കോണ്‍ഗ്രസിന് ഉണ്ടായിരിക്കുന്നത് വന്‍ തിരിച്ചുവരവ് തന്നെയാണ്. ശരിയായ സംഘടനാ സംവിധാനം പോലും ഇല്ലാതിരുന്ന ഗുജറാത്തില്‍ കോണ്‍ഗ്രസിന് ബിജെപിക്ക് വെല്ലുവിളി ഉയര്‍ത്താന്‍ സാധിച്ചു.

അവരുടെ സ്വന്തമെന്ന് ഗുജറാത്തുകാര്‍ കരുതുന്ന നരേന്ദ്ര ദാമോദര്‍ ദാസ് മോഡിയിലുള്ള വിശ്വാസമാണ് കഴിഞ്ഞ 22 വര്‍ഷമായി ബിജെപിയെ ഭരണത്തിലെത്തിച്ചത്. ഇത്തവണയും സ്ഥിതി അത് തന്നെയാണ്. വരാന്‍ പോകുന്ന 2019 ലോക്‌സഭാ തെരഞ്ഞെടുപ്പിലും സംഭവിക്കാന്‍ പോകുന്നത് മോഡി പ്രഭാവം തന്നെയായിരിക്കും.

മോഡിയുടെ ഗുജറാത്ത് തിരഞ്ഞെടുപ്പ് ക്യാംപെയ്‌നില്‍ ഉയര്‍ന്ന് കേട്ടത് നാല് പോയിന്റുകളായിരുന്നു.

വികസനം: സംസ്ഥാന വികസനകാഴ്ച്ചപ്പാടിന് കേന്ദ്രപിന്തുണ കൂടിയാകുമ്പോഴെ അത് പരിപൂര്‍ണ വികസനമാകുകയുള്ളു. മിഡില്‍ ക്ലാസിനോട് അഫോര്‍ഡബിള്‍ വീടുകളെക്കുറിച്ചും സ്‌റ്റെന്റുകളെക്കുറിച്ചും സംസാരിച്ചപ്പോള്‍ പാവപ്പെട്ടവരോട് ടോയ്‌ലെറ്റുകളെക്കുറിച്ചാണ് സംസാരിച്ചത്.

അഴിമതി രഹിത ഭരണം: കേന്ദ്രത്തില്‍ അഴിമതി ഇല്ലാത്ത ഭരണം എന്ന സന്ദേശമാണ് മോഡി ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിച്ചത്. അഴിമതിക്കെതിരായ പോരാട്ടത്തിന്റെ ഭാഗമായിരുന്നു ജിഎസ്ടിയും നോട്ടുനിരോധനവുമെന്ന് മോഡി ജനങ്ങളുടെ ഇടയില്‍ സ്ഥാപിച്ചു. വിദ്യാഭ്യാസമില്ലാത്ത ഭൂരിപക്ഷം വരുന്ന പാവപ്പെട്ടവര്‍ക്കിടയിലായിരുന്നു ഇത്തരം സന്ദേശങ്ങള്‍ അദ്ദേഹം എത്തിച്ചത് എന്നത് പാര്‍ട്ടിക്ക് നേട്ടമായി.

ഹിന്ദുത്വം: ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രചരണങ്ങളുടെ ആദ്യഘട്ടത്തില്‍ ഉപയോഗിക്കാതിരുന്ന ഹിന്ദുത്വ അജണ്ട ഏറ്റവും ഒടുവിലാണ് മോഡി ഇറക്കിയത്. ഇതായിരുന്നു അവരുടെ ട്രംപ് കാര്‍ഡും. കോണ്‍ഗ്രസ് തിരികെ വന്നാല്‍ അത് ‘മുസ്ലീം രാജ്’ ആയിരിക്കുമെന്ന തെറ്റിദ്ധാരണ ജനങ്ങള്‍ക്കിടയില്‍ പരത്താന്‍ മോഡിക്ക് സാധിച്ചു. രാം ജന്മഭൂമി കേസില്‍ കബില്‍ സിബല്‍ ഹാജരായതും രാഹുലിന്റെ ക്ഷേത്രസന്ദര്‍ശനങ്ങളും കൂട്ടിയിണക്കി മോഡിയും ബിജെപിയും നടത്തിയ പ്രചരണങ്ങള്‍ കുറിക്ക് കൊണ്ടു. മണി ശങ്കര്‍ അയ്യരുടെ പാകിസ്താന്‍ ഗൂഢാലോചന പ്രസംഗമൊക്കെ ഇതിന്റെ മകുടോദാഹരണങ്ങളാണ്.

മണിശങ്കര്‍ അയ്യരുടെ കീഴാളന്‍ പ്രയോഗം: മണിശങ്കര്‍ അയ്യര്‍ നരേന്ദ്ര മോഡിയെ കീഴാളന്‍ എന്ന് അഭിസംബോധന ചെയ്തത് ബിജെപിക്ക് വീണുകിട്ടിയ ആയുധമായി. അതിനെ അവര്‍ പരമാവധി പ്രയോജനപ്പെടുത്തി. പാവങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവരെ സമ്പന്നരുടെ പ്രതിനിധികളായ കോണ്‍ഗ്രസുകാര്‍ കീഴാളരെന്നാണ് വിളിക്കുന്നതെന്ന പ്രചരണം അവര്‍ നടത്തി.

© 2024 Live Kerala News. All Rights Reserved.