ഓഖിയില്‍ ഇനിയും കണ്ടെത്താനുള്ളത് 300 പേരെന്ന് വാര്‍ത്ത, നിഷേധിച്ച് മന്ത്രി

ഓഖി ചുഴലിക്കാറ്റില്‍ കാണാതായവരുടെ കൃത്യമായ കണക്ക് ക്രിസ്മസിന് ശേഷം മാത്രമെ വ്യക്തമാകുകയുള്ളുവെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്‌സിക്കുട്ടിയമ്മ. ഓഖിക്ക് ശേഷം രണ്ടാഴ്ച്ച കഴിഞ്ഞിട്ടും ഇനിയും 300 പേരെ കണ്ടെത്താനുണ്ടെന്ന വാര്‍ത്തകളോട് പ്രതികരിക്കുകയായിരുന്നു അവര്‍. 300 പേരെ ഇനിയും കണ്ടെത്താനുണ്ട് എന്നത് തെറ്റായ വാര്‍ത്തയാണെന്നും, കണ്ടെത്താനുള്ളവരുടെ വ്യക്തമായ വിവരങ്ങള്‍ ക്രിസ്മസിന് ശേഷമെ ലഭ്യമാകുകയുള്ളുവെന്നും മേഴ്സിക്കുട്ടിയമ്മ പറഞ്ഞു.

ഓഖി ദുരന്തം വിതച്ച് രണ്ടാഴ്ച കഴിഞ്ഞിട്ടും കാണാതയവരെക്കുറിച്ച് സര്‍ക്കാര്‍ ഔദ്യോഗിക കണക്ക് പുറത്ത് വിടാത്തത് പലഭാഗത്ത് നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നുണ്ട്. സര്‍ക്കാരില്‍നിന്ന് കൃത്യമായ വിവരം ലഭിക്കാത്തതിനാല്‍ മാധ്യമങ്ങളിലും മറ്റും വരുന്ന കണക്കുകളില്‍ വൈരുദ്ധ്യങ്ങളുണ്ട്. തിരുവന്തപുരത്ത് നിന്ന് മാത്രം 256 മത്സ്യത്തൊഴിലാളികളെ കാണാതായിട്ടുണ്ടെന്നാണ് ലത്തീന്‍ അതിരൂപത പുറത്ത് വിടുന്ന കണക്കുകള്‍. എന്നാല്‍ ഇതില്‍നിന്നും വ്യത്യസ്തമായ കണക്കുകളാണ് മറ്റുള്ളവര്‍ പറയുന്നത്.

ചെറുവള്ളങ്ങളില്‍ മത്സ്യബന്ധനത്തിന് പോയവരെക്കുറിച്ച് സര്‍ക്കാരും ലത്തീന്‍ സഭയും ഒരേ കണക്കുതന്നെയാണ് പറയുന്നത്. വലിയ ബോട്ടുകളില്‍ പോയ മത്സ്യത്തൊഴിലാളികളെക്കുറിച്ചാണ് കൃത്യമായ കണക്കില്ലാത്തത്.

കടലില്‍ വിശദമായ തിരച്ചില്‍ ആവശ്യമാണെന്ന് പിണറായി വിജയന്‍ ബോട്ട് ഉടമകളുമായി ചര്‍ച്ച നടത്തിയതിന് ശേഷം പ്രതികരിച്ചു. തിരച്ചിലിന് സ്വകാര്യബോട്ടുകളുടെയും സഹായം തേടുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.

© 2024 Live Kerala News. All Rights Reserved.