സോണിയ ഗാന്ധി രാഷ്ട്രീയത്തില്‍ നിന്ന് വിരമിക്കുന്നു; ‘ഇനി വിശ്രമ ജീവിതം, പാര്‍ട്ടിയെ നയിക്കാന്‍ രാഹുല്‍ പ്രാപ്തന്‍’

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനം മകന്‍ രാഹുല്‍ ഗാന്ധിക്കു കൈമാറിയ ശേഷം സജീവ രാഷ്ട്രീയത്തില്‍ നിന്നും വിരമിക്കുമെന്ന് സോണിയ ഗാന്ധി. നാളെയാണ് രാഹുല്‍ ഗാന്ധി പാര്‍ട്ടി അധ്യക്ഷനായി ചുമതലയേല്‍ക്കുന്നത്. 1998 മാര്‍ച്ചിലാണ് കോണ്‍ഗ്രസിന്റെ അധ്യക്ഷ സ്ഥാനത്തേക്ക് സോണിയ ഗാന്ധി കടന്നു വരുന്നത്. പിന്നീട് നീണ്ട 19 വര്‍ഷം ഇന്ത്യന്‍ രാഷ്ട്രീയ ചരിത്രത്തില്‍ ഒരു ഏട് കൂട്ടിച്ചേര്‍ത്താണ് സോണിയ കളം വിടുന്നത്.

1991ല്‍ രാജീവ് ഗാന്ധി കൊല്ലപ്പെട്ടതിന് ശേഷം പാര്‍ട്ടി നേതൃത്വസ്ഥാനം പ്രതിസന്ധിയിലായെങ്കിലും ഏഴ് വര്‍ഷത്തോളം മുഖ്യധാരയില്‍ നിന്നും വിട്ട് നിന്ന് ഒതുങ്ങിക്കൂടിയ സോണിയ ഗാന്ധി പിന്നീട് അധികാര സ്ഥാനത്തേക്ക് വരികയായിരുന്നു. മകന്‍ രാഹുല്‍ പാര്‍ട്ടി അധ്യക്ഷ കിരീടം വെക്കുന്നതിന്റെ തൊട്ടുമുമ്പാണ് സജീവ രാഷ്ട്രീയത്തിന് ഇനിയില്ലെന്നും വിശ്രമജീവിതമാണ് ആഗ്രഹിക്കുന്നതെന്നും സോണിയ ഗാന്ധി വ്യക്തമാക്കിയത്.

രാഹുല്‍ പ്രസിഡന്റാകുന്നതോടെ സോണിയ പാര്‍ട്ടിയുടെ മറ്റു പ്രധാന്യമുള്ള റോളുകളിലേക്ക് മാറുമെന്നായിരുന്നു അണികള്‍ കരുതിയിരുന്നത്. എന്നാല്‍, വിശ്രമ ജീവിതം നയിക്കാനാണ് താല്‍പ്പര്യപ്പെടുന്നതെന്ന് സോണിയ പാര്‍ലമെന്റില്‍ അറിയിക്കുകയായിരുന്നു. കോണ്‍ഗ്രസ് പ്രസിഡന്റ് സ്ഥാനം ഏറ്റവുമധികം സമയം വഹിച്ചതിന്റെ റെക്കോര്‍ഡ് സ്വന്തം പേരിലാക്കിയാണഅ സോണിയ ഗാന്ധി അധ്യക്ഷപദമൊഴിയുന്നത്.

2004ലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്റെ ജയത്തോടെ സോണിയ ഗാന്ധി പ്രധാമന്ത്രിയാകുമെന്ന് ഉറപ്പിച്ചെങ്കിലും അവസാനം നിമിഷം പിന്മാറുകയും മന്‍മോഹന്‍ സിങ്ങിനെ പ്രധാനമന്ത്രിയാക്കുകയുമായിരുന്നു.

അതേസമയം, സോണിയയുടെ പിന്മാറ്റം പ്രസിഡന്റായി ചുമതലയേല്‍ക്കുന്ന രാഹുല്‍ ഗാന്ധിക്ക് ഉത്തരവാദിത്വം കൂടുതല്‍ കടുപ്പമേറിയതാക്കുമെന്നും വിലയിരുത്തലുകളുണ്ട്.