ഗുജറാത്ത് തിരഞ്ഞെടുപ്പ്; വോട്ട് രസീത് എണ്ണണമെന്ന കോണ്‍ഗ്രസ് ആവശ്യം സുപ്രീം കോടതി തള്ളി NATIONAL December 15, 2017, 5:41 pm

ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ടുരസീത്(വിവിപാറ്റ്) എണ്ണണമെന്ന കോണ്‍ഗ്രസിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. തിരഞ്ഞെടുപ്പില്‍ ഉപയോഗിച്ച 25 ശതമാനം വോട്ടിംഗ് മെഷീനുകളെങ്കിലും പരിശോധിക്കാന്‍ ഇലക്ഷന്‍ കമ്മീഷനോട് നിര്‍ദ്ദേശിക്കാനാവശ്യപ്പെട്ടായിരുന്നു ഹര്‍ജി.

ബി.ജെ.പി വോട്ടിംഗ് യന്ത്രത്തില്‍ വ്യാപകമായി ക്രമക്കേട് നടത്തിയിട്ടുണ്ട് എന്ന ആരോപണത്തെ തുടര്‍ന്നാണ് കോണ്‍ഗ്രസ് കോടതിയെ സമീപിച്ചത്. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തില്‍ ആര്‍ക്കാണ് വോട്ട് ചെയ്തതെന്ന രസീതും, രേഖപ്പെടുത്തപ്പെട്ട വോട്ടും തമ്മില്‍ താരതമ്യം ചെയ്ത് വിശ്വാസ്യത തെളിയിക്കാനാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. 25 ശതമാനം യന്ത്രങ്ങളെങ്കിലും ഇങ്ങനെ താരതമ്യത്തിന് വിധേയമാക്കണമെന്നും ഹര്‍ജിയിലാവശ്യപ്പെട്ടു.

ഈ ഹര്‍ജിയാണ് ഇപ്പോള്‍ സുപ്രീം കോടതി തള്ളിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രത്യേകാധികാരത്തില്‍ കൈ കടത്താന്‍ കോണ്‍ഗ്രസിന് കഴിയില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.ഈ ആവശ്യം അംഗീകരിക്കാത്തതിനുപിന്നാലെ 10 ശതമാനം വോട്ടെങ്കിലും താരതമ്യം ചെയ്യാന്‍ വീണ്ടും ആവശ്യപ്പെട്ടെങ്കിലും സുപ്രീംകോടതി അതും നിരാകരിക്കുകയായിരുന്നു.

ഗുജറാത്തില്‍ വോട്ടിങ് സമയത്ത് തിരിമറി നടന്നുവെന്ന് ആരോപിച്ച കോണ്‍ഗ്രസിനോട് തുടര്‍ന്ന് അതിനുള്ള തെളിവുകള്‍ നിരത്താന്‍ കോടതി ആവശ്യപ്പെട്ടു. നിലവിലെ ഹര്‍ജി പിന്‍വലിക്കാന്‍ അനുവദിച്ച സുപ്രീംകോടതി തിരഞ്ഞെടുപ്പ് കമ്മീഷന് പിന്നീട് പരിഷ്‌കരണ ഹര്‍ജി നല്‍കാന്‍ കോണ്‍ഗ്രസിന് അനുവാദവും നല്‍കി.

പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ കളിപ്പാവയാണ് തിരഞ്ഞെടുപ്പ് കമ്മീഷനെന്ന രൂക്ഷമായ വിമര്‍ശനം നടത്തിയതിനു പിന്നാലെയാണ് കോണ്‍ഗ്രസ് ഇത്തരത്തിലൊരു ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിക്കുന്നത്. കോണ്‍ഗ്രസ് നേതാക്കളും അഭിഭാഷകരുമായ കബില്‍ സിബലും അഭിഷേക് മനു സിംഗ്വിയുമാണ് കോണ്‍ഗ്രസിനുവേണ്ടി കോടതിയില്‍ ഹാജരായത്. നവംബറില്‍ സമാനമായൊരു ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു.