ഓഖി ദുരിതാശ്വാസം; പൊതുജനങ്ങളിൽ നിന്ന് സംഭാവന സ്വീകരിച്ച് പ്രത്യേക ഫണ്ടുണ്ടാക്കാൻ തീരുമാനം

ഓഖി ദുരന്തത്തിൽപ്പെട്ടവർക്കുള്ള ദുരിതാശ്വാസത്തിനായി പ്രത്യേക ഫണ്ടുണ്ടാക്കാൻ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന സർവകക്ഷി യോഗം തീരുമാനിച്ചു. ഇതിനായി പൊതുജനങ്ങളിൽനിന്ന് സംഭാവന സ്വീകരിച്ച് പ്രത്യേക ഫണ്ട് കണ്ടെത്താനാണ് തീരുമാനം.
ഈ ഫണ്ടിലേക്ക് ഉദാരമായി സംഭാവന നല്‍കാന്‍ സംസ്ഥാനത്തെ മുഴുവന്‍ ജീവനക്കാരോടും പാര്‍ട്ടികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും യോഗം അഭ്യര്‍ത്ഥിച്ചതായും മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. ഇതിനായി എല്ലാ സർക്കാർ ജീവനക്കാരും ഒരുദിവസത്തെ വേതനമെങ്കിലും സംഭാവന ചെയ്യണമെന്നും മുഖ്യമന്ത്രി അഭ്യർത്ഥിച്ചു. എല്ലാ രാഷ്ട്രീയപ്പാർട്ടികളും ഇതിന് പൂർണപിന്തുണ പ്രഖ്യാപിച്ചു. ദുരിതബാധിതരായ മത്സ്യത്തൊഴിലാളി കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും മത്സ്യബന്ധനത്തിൽ സുരക്ഷ ഉറപ്പാക്കുന്നതിനും വീട് നിർമിക്കാനും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്രത്തോട് ആവശ്യപ്പെടും.

സുനാമി പുനരുദ്ധാരണ പാക്കേജിന്റെ മാതൃകയിലുള്ള സഹായമാണ് ആവശ്യപ്പെടുന്നത്. മുഖ്യമന്ത്രി ഇന്ന് ഡൽഹിയിൽ കേന്ദ്ര ആഭ്യന്ത്രമന്ത്രി രാജ്‌നാഥ് സിങ്ങുമായി ഇക്കാര്യം ചർച്ച ചെയ്യും. മരിച്ചവരുടെ കുടുംബങ്ങൾക്കുള്ള നഷ്ടപരിഹാരം 25 ലക്ഷം രൂപയായി ഉയർത്തണമെന്ന സർവകക്ഷിയോഗത്തിന്റെ ആവശ്യം പരിഗണിക്കാമെന്ന് മുഖ്യമന്ത്രി അറിയിച്ചു.

© 2024 Live Kerala News. All Rights Reserved.