ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ കോടതി കുറ്റപത്രം റദ്ദാക്കി.. ശ്രീശാന്തുള്‍പ്പടെ എല്ലാവരേയും വെറുതെവിട്ടു.

04:40 PM

ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ കോടതി കുറ്റപത്രം റദ്ദാക്കി.. ശ്രീശാന്തുള്‍പ്പടെ എല്ലാവരേയും വെറുതെവിട്ടു.  നന്ദിയുണ്ടെന്ന് ശ്രീ.


02:22PM 

എന്‍ഫോഴ്‌സ്‌മെന്റിന്റെ അന്വേഷണം തുടുരുന്നതിനാല്‍ കേസിന്റെ വിധി മാറ്റിവെയ്ക്കണമെന്ന് പ്രോസിക്യൂഷന്‍. അന്വേഷണത്തിന് കൂടുതല്‍ സമയം ദില്ലി പോലീസ് പട്യാല കോടതിയില്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നാണ്, നാല് മണിക്ക് വിധി പറയാം എന്ന് ജഡ്ജി തീരുമാനിച്ചത്.


ദില്ലി: ഐ.പി.എല്‍ വാതുവെപ്പ് കേസില്‍ ദില്ലി പ്രത്യേക കോടതി വിധി ഇന്ന്. ശ്രീശാന്ത് ഉള്‍പ്പടെയുള്ളവര്‍ക്കെതിരെ ചുമത്തിയ മക്കോക്ക നിയമം നിലനില്‍ക്കുമോ എന്ന കാര്യത്തിലാണ് ദില്ലി കോടതി വിധി പറയുക. മക്കോക്ക നിലനില്‍ക്കുമെന്ന് കോടതി വിധിച്ചാല്‍ ശ്രീശാന്തിനും കേസിലെ മറ്റുപ്രതികള്‍ക്കും ലഭിച്ച ജാമ്യം റദ്ദാകും.

മഹാരാഷ്ട്ര സംഘടിത കുറ്റകൃത്യ നിയമമായ മക്കോക്ക ചുമത്തിയാണ് ഐ.പി.എല്‍ വാതുവെപ്പ് കേസിലെ കുറ്റപത്രം ദില്ലി പൊലീസ് കോടതിയില്‍ സമര്‍പ്പിച്ചത്. ശ്രീശാന്ത്, അങ്കിത് ചവാന്‍, അജിത് ചാന്ദില എന്നീ രാജസ്ഥാന്‍ റോയല്‍സ് താരങ്ങളും അധോലോക നേതാവ് ദാവൂദ് ഇബ്രാഹിം, ചോട്ടാ ഷക്കീല്‍ എന്നിവരും ഉള്‍പ്പടെ 42 പ്രതികളാണ് കേസിലുള്ളത്. വഞ്ചനാ കുറ്റത്തിനുള്ള ഐ.പി.സി 420, ഗൂഢാലോചനക്കുള്ള 120 ബി വകുപ്പുകളായിരുന്നു കേസില്‍ ആദ്യം പ്രതികള്‍ക്കുമേല്‍ ചുമത്തിയിരുന്നത്. പിന്നീട് നിരവധി പേര്‍ ഉള്‍പ്പെട്ട കേസായതുകൊണ്ട് മക്കോക്ക നിയമം ചുമത്തുകയായിരുന്നു.

മക്കോക്ക ഉള്‍പ്പെട്ടതോടെ കേസ് നടപടികള്‍ ദില്ലി പ്രത്യേക കോടതിയിലേക്ക് മാറി. മക്കോക്കെ നിലനില്‍ക്കുമോ, ഇല്ലയോ എന്നതിലാണ് പ്രത്യേക കോടതി ജഡ്ജി നീന ബെന്‍സാല്‍ കൃഷ്ണ ഇന്ന് വിധി പറയുക.

വിധി സംബന്ധിച്ച് മൂന്ന് സാധ്യതകള്‍ മുന്നോട്ടുവെക്കാം. ഒന്ന്. കേസില്‍ തയ്യാറാക്കിയ കുറ്റപത്രം പൂര്‍ണമായി കോടതിക്ക് തള്ളിക്കളയാം. രണ്ട്. മക്കോക്ക നിലനില്‍ക്കില്ല എന്ന് മാത്രം കോടതി വിധിക്കാം. അങ്ങനെ വന്നാല്‍ വഞ്ചനക്കും, ഗൂഢാലോചനക്കുമുള്ള കേസിലെ വിചാരണ നേരിടേണ്ടിവരും. മൂന്ന്. മക്കോക്ക നിലനില്‍ക്കുമെന്ന് കണ്ടെത്തി കേസില്‍ വിചാരണ തുടരാന്‍ വിധിക്കാം. അങ്ങനെ വിധിച്ചാല്‍ ശ്രീശാന്ത് ഉള്‍പ്പടെയുള്ളവര്‍ക്കുള്ള ജാമ്യം ഉടന്‍ റദ്ദാകും. എല്ലാവരെയും പൊലീസ് അറസ്റ് ചെയ്യും.

നിരവധി ഫോണ്‍ സംഭാഷണങ്ങള്‍ മാത്രമാണ് കേസില്‍ തെളിവായി പൊലീസ് കോടതിക്ക് മുമ്പാകെ നിരത്തിയത്. രഞ്ജിതാരവും മലയാളിയുമായ ജിജു ജനാര്‍ദ്ദനുമായി നടത്തിയ ടെലഫോണ്‍ സംഭാഷണമാണ് ശ്രീശാന്തിനെതിരെ പ്രധാന തെളിവായി പൊലീസ് ചൂണ്ടിക്കാട്ടുന്നത്. 2013 മെയ് 9ന് മെഹാലിയില്‍ നടന്ന രാജസ്ഥാന്‍ റോയല്‍സ് പഞ്ചാബ് കിംഗ് ഇലവന്‍ ടീമുകള്‍ തമ്മിലുള്ള മത്സരത്തില്‍ ജിജു ജനാര്‍ദ്ദന്‍ വഴി 60 ലക്ഷം രൂപയ്ക്ക് വാതുവെപ്പ് ഉറപ്പിച്ചുവെന്നാണ് ശ്രീശാന്തിനെതിരെയുള്ള കേസ്.

© 2024 Live Kerala News. All Rights Reserved.