മാനസിക പീഡനം; കെട്ടിടത്തില്‍ നിന്നും ചാടി വിദ്യാര്‍ഥിനി ആത്മഹത്യയ്ക്ക് ശ്രമിച്ച സംഭവം; അടിയന്തിര ചികിത്സാസഹായമായി ഒരു ലക്ഷം രൂപ അനുവദിച്ചതായി മന്ത്രി എ. കെ ബാലന്‍

മാനസിക പീഡനം മൂലം കെട്ടിടത്തില്‍ നിന്നും ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ച ആതിരയ്ക്ക് അടിയന്തിര ചികിത്സാസഹായമായി ഒരു ലക്ഷം രൂപ അനുവദിക്കാന്‍ ഉത്തരവിട്ടതായി മന്ത്രി എ. കെ ബാലന്‍ അറിയിച്ചു. പട്ടികജാതി പട്ടികവര്‍ഗ്ഗ (അതിക്രമങ്ങള്‍ തടയല്‍) നിയമപ്രകാരം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ആതിരയുടെ വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ അടിയന്തിരമായി ചികിത്സാസഹായം അനുവദിക്കാന്‍ ഉത്തരവിടുകയായിരുന്നുവെന്ന് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.
സ്വകാര്യ ഏവിയേഷന്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ബിബിഎ വിദ്യാര്‍ത്ഥിനിയായ ആതിര വിവേചനങ്ങള്‍ക്ക് വിധേയമായിട്ടുണ്ട് എന്ന പരാതി ഗൗരവമേറിയതാണ്. മാനസികമായ പീഡനം സഹിക്കവയ്യാതെയാണ് ആതിര ആത്മഹത്യക്ക് ശ്രമിച്ചത്. പട്ടികജാതിക്കാരിയും ദരിദ്രകുടുംബത്തിലെ അംഗവുമായ ഒരു വിദ്യാര്‍ത്ഥിനിക്ക് നേരെയാണ് ഈ അതിക്രമം ഉണ്ടായിരിക്കുന്നത്. വിദ്യാര്‍ത്ഥിനിയെ മാനസികമായി പീഡിപ്പിച്ച സ്ഥാപനം നടത്തിപ്പുകാര്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ അന്വേഷണം നടത്താന്‍ ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക കത്ത് നല്‍കിയിട്ടുണ്ടെന്നും എ.കെ ബാലന്‍ പറഞ്ഞു
കൊണ്ടോട്ടി പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ പട്ടികജാതിക്കാര്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ തടയല്‍ നിയമ പ്രകാരമുള്ള വകുപ്പുകള്‍ ചേര്‍ത്തിട്ടില്ല. ഇത് ചേര്‍ക്കുന്നതിനും ഈ സ്വകാര്യ സ്ഥാപനത്തെ സംബന്ധിച്ച് സമഗ്രമായ അന്വേഷണം നടത്തുന്നതിനും നടപടി സ്വീകരിക്കണമെന്നും മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ആതിരയ്ക്ക് അപകടം സംഭവിച്ചിട്ടും ഈ സ്വകാര്യ സ്ഥാപനം യാതൊരു സഹായവും നല്‍കിയിട്ടില്ലെന്ന ബന്ധുക്കളുടെ ആരോപണവും ഗൗരവമേറിയതാണെന്നും അദ്ദേഹം പറഞ്ഞു.

© 2024 Live Kerala News. All Rights Reserved.