Special Report: പാര്‍ലമെന്റിലെ ബഹളത്തില്‍ മുങ്ങിയത് സാധാരണക്കാരന്റെ 260 കോടി രൂപ

ന്യൂഡൽഹി: ആരോപണ-പ്രത്യാരോപണങ്ങളുമായി ഭരണപക്ഷവും പ്രതിപക്ഷവും ചേർന്ന് പാർലമെന്റിന്റെ മഴക്കാല സമ്മേളനം അലങ്കോലമാക്കുമ്പോൾ ദേശീയ ഖജനാവിന് നഷ്ടമാകുന്നത് കോടിക്കണക്കിന് രൂപയെന്ന് റിപ്പോർട്ടുകൾ. ജനപ്രതിനിധികൾ തങ്ങളുടെ ഭരണപരമായ കർത്തവ്യങ്ങൾ നിറവേറ്റുന്നതിന് പകരം രാഷ്ട്രീയ ആരോപണങ്ങളുമായി പാർലമെന്റിന്റെ ഇരുസഭകളും തുടർച്ചയായി തടസപ്പെടുത്തുന്നതിനിടെയാണ് ഭരണപരമായി വീഴ്ചകൾ വരുത്തുന്നതിന് പുറമെ വോട്ടുചെയ്തു വിജയിപ്പിച്ച നികുതിദായകരുടെ കോടിക്കണക്കിന് രൂപയും നഷ്ടത്തിലാക്കുന്നതായി റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ആരോപണ വിധേയരായ കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജും രണ്ടു ബിജെപി മുഖ്യമന്ത്രിമാരും രാജിവയ്ക്കുവരെ പാർലമെന്റ് സ്തംഭിപ്പിക്കുമെന്ന് കോൺഗ്രസും രാജിയില്ലെന്ന് ബിജെപി നേതൃത്വം നൽകുന്ന ഭരണമുന്നണിയും നിലപാടെടുത്തതോടെ നിലവിൽ പാർലമെന്റിന്റെ മഴക്കാല സമ്മേളനം ഏതാണ്ട് പൂർണമായും തടസപ്പെടുന്ന നിലയാണ്. അങ്ങനെ സംഭവിച്ചാൽ ദേശീയ ഖജനാവിൽനിന്ന് ചോരുക 260 കോടി രൂപയാണത്രെ. ലോക്സഭ സമ്മേളനം തടസപ്പെടുന്നതിലൂടെ 162 കോടി രൂപയുടെ നഷ്ടം സംഭവിക്കുമ്പോൾ രാജ്യസഭാ സമ്മേളനം അലങ്കോലമാകുന്നതുവഴി 98 കോടി രൂപയുടെ നഷ്ടമാണുണ്ടാവുക. മഴക്കാല സമ്മേളനത്തിന്റെ തുടർച്ചയായ നാലാം ദിവസമായ ഇന്നലെ പ്രതിപക്ഷ ബഹളത്തെ തുടർന്ന് പാർലമെന്റ് നടപടികൾ സ്തംഭിച്ചിരുന്നു. തുടർന്ന് തിങ്കളാഴ്ച വരെ സഭ പിരിയുകയായിരുന്നു.

ആരോപണ പ്രത്യാരോപണങ്ങൾ തുടരുന്നതിനിടെ പ്രതിപക്ഷ, ഭരണപക്ഷങ്ങൾ ഒത്തുതീർപ്പു ചർച്ചകൾക്കു മുതിർന്നതേയില്ലെന്നതും ശ്രദ്ധേയമാണ്. പാർലമെന്റ് നടപടികൾ വേണമെന്ന നിർബന്ധം ഇരുകൂട്ടർക്കുമില്ലെന്ന് ഇതിൽ നിന്നു വ്യക്തമായിരുന്നു. ഇനിയുള്ള ദിവസങ്ങൾ എങ്ങനെയായിരിക്കുമെന്ന് രസികനായ ഒരു എംപി പ്രവചിച്ചതിങ്ങനെ: “അടുത്തയാഴ്ചയും സഭ സഭ സ്തംഭിക്കും. അതിനടുത്തയാഴ്ച നടപടികൾ മുടങ്ങും”. അങ്ങനെ വന്നാൽ ദേശീയ ഖജനാവിന് നഷ്ടം 260 കോടി രൂപ!

പാർലമെന്റിന്റെ മഴക്കാല സമ്മേളനം ആരംഭിച്ചിട്ട് ഇത് നാലാം ദിവസമാണെങ്കിലും ഇതുവരെ 91 ശതമാനം സമ്മേളന സമയവും ബഹളം മൂലം പാഴായി.

ഒരു മണിക്കൂർ ലോക്സഭാ സമ്മേളിക്കുമ്പോൾ ഖജനാവിൽ നിന്ന് ചെലവാകുന്നത് 1.5 കോടി രൂപയും രാജ്യസഭയ്ക്ക് 1.1 കോടി രൂപയുമാണ്.

പാർലമെന്റിന്റെ മഴക്കാല സമ്മേളനത്തിന്റെ പരിഗണനയ്ക്ക് സമർപ്പിച്ചിരുന്ന 11 ബില്ലുകളാണ് ബഹളം മൂലം തീരുമാനമാകാതെ കിടക്കുന്നത്. പുതുതായി അവതരിപ്പിക്കേണ്ടിയിരുന്ന ഒൻപത് ബില്ലുകളുടെ അവസ്ഥയും വ്യത്യസ്തമല്ല.

Courtesy: manoramaonline

© 2024 Live Kerala News. All Rights Reserved.