ഭൂമിയുടെ ‘അപരനെ’ കണ്ടെത്തി നാസ

ന്യൂയോർക്ക്: ഭൂമിയോട് വളരെയേറെ സമാനതയുള്ള മറ്റൊരു ഗ്രഹത്തെ  നാസ സൗരയൂഥത്തിനു പുറത്ത് കണ്ടെത്തി.  നക്ഷത്രങ്ങളെ ചുറ്റിത്തിരിയുന്ന ഭൂമിയെപ്പോലുള്ള മറ്റു ഗ്രഹങ്ങളെ കണ്ടെത്തുന്നതിനായി നാസ വിന്യസിച്ച കെപ്ളർ സ്പേസ് ടെലിസ്കോപാണ് ഭൂമിയുടെ ‘അപരനെ” കണ്ടെത്തിയത്. 1400 പ്രകാശവർഷം അകലെയുള്ള ‘അപരന്” കെപ്ളർ 452ബി എന്ന് നാസ പേരിട്ടു. സൂര്യന്  സമാനമായതും എന്നാൽ, ​ 150കോടി വർഷം   പ്രായം കൂടുതലുമുള്ള  ഒരു  നക്ഷത്രത്തെയാണ് കെപ്ളർ 452ബി ഭ്രമണം ചെയ്യുന്നത്. സൂര്യനും ഭൂമിയും തമ്മിലുള്ള   അകലം തന്നെയാണ്  ഇവയ്ക്കും ഉള്ളത്.  ഒരുവട്ടം നക്ഷത്രത്തെ വലംവെക്കാൻ  385 ദിവസം വേണം കെപ്ളർ 452ബിയ്ക്ക്. 600 കോടി വർഷം  പ്രായവും കണക്കാക്കുന്നുണ്ട്. അധികം ചൂടോ തണുപ്പോ ഇല്ലാത്തതുകൊണ്ട് കെപ്ളർ 452ബിയിൽ ജീവൻ നിലനിൽക്കാനുള്ള അനുകൂല സാഹചര്യമാണ് ഉള്ളതെന്നും നാസ സൂചിപ്പിച്ചു. ജലവും ഉണ്ടായേക്കാം. കെപ്ളർ 452ബിയുടെ നക്ഷത്രത്തിന് സൂര്യനേക്കാൾ നാല് ശതമാനം വലിപ്പവും 10 ശതമാനം പ്രകാശവും കൂടുതലുണ്ട്. സൂര്യനെപ്പോലൊരു നക്ഷത്രത്തെ വലംവയ്ക്കുന്ന  പാറകൾ നിറഞ്ഞതും വാസയോഗ്യ സാദ്ധ്യതയുള്ളതുമായ ആദ്യ ഗ്രഹത്തെയാണ് കെപ്ളർ കണ്ടെത്തിയിരിക്കുന്നതെന്ന് ‘സെറ്റി” (സേർച്ച് ഫോർ എക്സ്ട്രാ ടെറസ്ട്രിയൽ ഇന്റലിജൻസ്)​ ശാസ്ത്രജ്ഞൻ ജെഫ് കോലിൽ പറഞ്ഞു. സൗരയൂഥത്തിന് പുറത്ത് ഭൂമിയെപ്പോലുള്ള മറ്റൊരു ഗ്രഹമുണ്ടെന്ന അനുമാനത്തിൽ 2009ലാണ് കെപ്ലർ  ടെലിസ്കോപിനെ നാസ ശൂന്യാകാശത്തേയ്ക്ക് അയച്ചത്. ഭൂമിക്ക് പുറത്തുള്ള ആവാസവ്യവസ്ഥ  കണ്ടെത്താനുള്ള നാസയുടെ ശ്രമങ്ങളിൽ നിർണായകമായിരിക്കും കെപ്ളർ 452ബിയുടെ കണ്ടെത്തലെന്ന്   വിലയിരുത്തപ്പെടുന്നു.

© 2024 Live Kerala News. All Rights Reserved.