സിക്‌സര്‍ അടിക്കാന്‍ നോക്കിയിട്ട് വിക്കറ്റ് പോയ ‘മാസ്’

 

ശ്യാം പ്രഭു

തമിഴിലെ ഫോര്‍മുല സിനിമകള്‍ക്കു ബദലായാണു വെങ്കട് പ്രഭു സിനിമകള്‍ ഹിറ്റായത്. എന്നാല്‍ സ്വയം ഉണ്ടാക്കിയ ഫോര്‍മുലയുടെ ആവര്‍ത്തനം മാത്രമായി വെങ്കട് പ്രഭു സിനിമകള്‍ ചെകിടിപ്പിക്കാന്‍ തുടങ്ങിയെന്ന് ‘മാസു എങ്കിര മാസിലാമണി’ (മാസ് എന്നുവിളിക്കാം)എന്ന സിനിമ അടിവരയിടുന്നു. ചെന്നൈ 600028, സരോജ, ഗോവ, മങ്കാത്ത, ബിരിയാണി ഇങ്ങനെ തുടങ്ങിയ വെങ്കട് പ്രഭു പരമ്പരയിലെ ആറാമത്തെ സിനിമ, വെങ്കട് പ്രഭുവിന്റെ ഭാഷയില്‍ പറഞ്ഞാല്‍ സിക്‌സര്‍ ആണ് മാസ്, എങ്കിര മാസിലാമണി. എന്നാല്‍ സൂര്യ എന്ന സൂപ്പര്‍സ്റ്റാറിന്റെ സാന്നിധ്യം കൊണ്ട് ഫ്രീഹിറ്റ് കിട്ടിയിട്ടും സിക്‌സര്‍ അടിക്കാന്‍ നോക്കിയിട്ട് വിക്കറ്റ് പോയ അവസ്ഥയിലാണ് മാസ്. പ്രേതവും പ്രേമവും പ്രതികാരവും കള്ളപ്പണ്ണവും എല്ലാമായിട്ടൊരു കുട്ടിക്കളി. സൂര്യ എന്ന സൂപ്പര്‍സ്റ്റാറിന്റെ ആരാധകര്‍ക്കും അദ്ദേഹത്തിന്റെ സിനിമയുടെ നിലവാരത്തില്‍ വിശ്വസിച്ച് ടിക്കറ്റ് എടുക്കുന്നവര്‍ക്കും കിട്ടുന്ന തുടര്‍ച്ചയായ പ്രഹരം കൂടിയാണ് മാസ്. ചില രംഗങ്ങളില്‍ രസിപ്പിക്കുന്നത്, ചില രംഗങ്ങളില്‍ മുഷിപ്പിക്കുന്നത്, ചില രംഗങ്ങളില്‍ വെറുപ്പിക്കുന്നത്, ബാക്കിയുള്ള രംഗങ്ങളില്‍ ആവര്‍ത്തിക്കുന്നത് എന്ന് മാസിനെ വിലയിരുത്താം.

വെങ്കട് പ്രഭുവിന്റെ സിനിമകളിലെ സ്ഥിരം സാന്നിധ്യമായ പ്രേംജി അമരന്റെ കോമഡികള്‍, വെങ്കട് പ്രഭുവിന്റേതുള്‍പ്പെടെയുള്ള ഹിറ്റ് സിനിമകളുടെ പശ്ചാത്തലസംഗീതവും സന്ദര്‍ഭവും ഉപയോഗിച്ചുള്ള പതിവു തമാശകള്‍, കള്ളപ്പണം, അതിന്റെ പിന്നിലെ ഒരു വലിയസംഘം, അവരുമായി യാദൃശ്ചികമായി ഏറ്റുമുട്ടേണ്ടിവരുന്ന നായകന്‍, ലാസ്റ്റ് മിനിട്ടിലൊരു യമണ്ടന്‍ ട്വിസ്റ്റ് എന്നുതുടങ്ങി മങ്കാത്തയിലും സരോജയിലും ഗോവയിലും ബിരിയാണിയിലും ആവര്‍ത്തിച്ച അതേ കഥാസന്ദര്‍ഭങ്ങള്‍ തന്നെയാണു മാസിലും. സിനിമയുടെ ചരിത്രത്തോളം പഴക്കമുള്ള പ്രതികാരകഥയാണ് പശ്ചാത്തലം. അതിന് പ്രേതങ്ങളെ കൂട്ടുപിടിച്ചു എന്നൊരു വ്യത്യാസമേയുള്ളു. വ്യത്യാസമെന്നും പറയാന്‍ പറ്റില്ല. രാഘവ ലോറന്‍സിന്റെ ഹൊറര്‍ കോമഡി കാഞ്ചന2 ഇതേ പാറ്റേണിലുള്ള സിനിമയാണ്. ഹൊറര്‍ എന്നുപറഞ്ഞാല്‍ ജനം പേടിക്കുക പോയിട്ട് ഒന്നുകണ്ണടയ്ക്കുകപോലും ചെയ്യില്ല എന്ന ബോധ്യമുളളതുകൊണ്ടാവും എല്ലാവരും ഹൊറര്‍ കോമഡി പിടിക്കുന്നത്. കാഞ്ചന2 അവതരണത്തില്‍ അങ്ങേയറ്റം പോവുകയും പലപ്പോഴും വളരെ അമച്വറായ രംഗങ്ങള്‍ കാഴ്ചവയ്ക്കുകയും ചെയ്‌തെങ്കിലും ഏറെക്കുറെ വേറിട്ടൊരു പ്ലോട്ടും കാഴ്ചക്കാരനെ സ്പര്‍ശിക്കുന്ന ഒരു പ്രണയപ്രതികാര കഥയുമുണ്ടായിരുന്നു. അതുകൊണ്ടുതന്നെയാവണം കാഞ്ചന ഹിറ്റായതും. മാസിന് അതുമില്ല. പഴയ ഹിന്ദിപടങ്ങളുടെ മോഡല്‍ ഒരു ഫ്‌ളാഷ്ബാക്ക് മാത്രം.
സൂര്യ അവതരിപ്പിക്കുന്ന മാസ് ഒരു മോഷണവും തട്ടിപ്പുമായി നടക്കുന്ന ഒരു ചെറുപ്പക്കാരനാണ്. ഒരു ഗുണ്ടാസംഘത്തില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ മാസിന്റെ കാര്‍ ആക്‌സിഡന്റില്‍പെടുകയും സുഹൃത്ത് ( പ്രേംജി അമരന്‍) മരിക്കുകയും ഗുരുതരപരുക്കേല്‍ക്കുന്ന മാസിന് മരിച്ചുകഴിഞ്ഞ് ഭൂമിയില്‍ അലഞ്ഞുനടക്കുന്ന മനുഷ്യപ്രേതങ്ങളെ കാണാനുള്ള സിദ്ധി കിട്ടുകയും ചെയ്യുന്നു. ഈ പ്രേതങ്ങള്‍ തങ്ങളുടെ ശേഷിക്കുന്ന ആഗ്രഹം സാധിക്കാനാണു മാസിന്റെ സഹായം തേടുന്നത്. മാസ് ഈ സിദ്ധി ഉപയോഗിച്ച് പ്രേതങ്ങളെ കൂട്ടുപിടിച്ച് തട്ടിപ്പു നടത്തുന്നതിനിടെ മാസിനോടു രൂപസാദൃശ്യമുള്ള ശക്തി എന്ന മറ്റൊരു പ്രേതം (അതും സൂര്യ) അവതരിക്കുന്നു. ഈ പ്രേതം സൂര്യയും മനുഷ്യന്‍ സൂര്യയും തമ്മിലുള്ള ഇടപാടാണ് അവസാനംവരെ. അവസാനം നമ്മളു വെറും പേ പിടിച്ച പ്രേതമായി തിയറ്ററില്‍നിന്ന് ഇറങ്ങിപ്പോകും
.
നിര്‍മാണ നിലവാരത്തില്‍ മിക്കപ്പോഴും ഉയര്‍ന്ന സാങ്കേതികമികവ് കാണിക്കുന്നുണ്ട്. പ്രേതങ്ങളുടെ ഗ്രാഫിക്‌സ് ശുദ്ധബോറാണ്.
മികച്ച ആക്ഷന്‍ കൊറിയോഗ്രഫി, ചടുലമായ രംഗങ്ങള്‍, ആര്‍.ഡി. രാജശേഖറിന്റെ സമര്‍ഥമായ കാമറ എന്നീ ഗുണങ്ങള്‍ മാസിന് മാസ് സിനിമകളുടെ ഫീല്‍ പകരുന്നുണ്ട്. പക്ഷേ കോമാളിക്കൂത്തായ പ്ലോട്ട് ഈ അനുകൂലഘടകങ്ങളെ അസ്ഥാനത്താക്കി.
നയന്‍താരയും പരിണീതയുമായുമാണ് നായികമാര്‍. രണ്ടുപേരും ഗസ്റ്റ്അപ്പിയറന്‍സ് എന്നുവേണം പറയും. സൂര്യയുടെ ഇരട്ടവേഷങ്ങള്‍ കഴിഞ്ഞാല്‍ പ്രാധാന്യമുള്ള റോള്‍ പോലീസ് ഓഫീസറായി വരുന്ന പാര്‍ഥിപന്റേതും റിയാസ് ഖാന്റേതുമാണ്.
ഫോര്‍മുലപ്പടങ്ങളുടെ വിജയ്അജിത് മെഗാസിനിമകള്‍ക്കിടയില്‍ കാമ്പുള്ള എന്റര്‍ടെയ്‌നറുകളുമായി വന്നാണ് ശിവകുമാറിന്റെ മകന്‍ സൂര്യ മലയാളി അടക്കമുള്ള കാഴ്ചക്കാരുടെ മനസു കവര്‍ന്നതും വിശ്വാസം നേടിയതും. എന്നാല്‍ അന്‍ജാനും സിങ്കം രണ്ടും പോലുള്ള പക്കാ ഫോര്‍മുല പടങ്ങള്‍ കൊണ്ട് സൂര്യ തന്നെ ആ വിശ്വാസഗാരന്റിയെ വെള്ളത്തിലാക്കിയ അവസ്ഥയാണ്. അതിന്റെ കൂട്ടത്തിലേക്ക് പ്രേതങ്ങളുടെ ഈ പേക്കൂത്തിനെയും ഉള്‍പ്പെടുത്താം.