എജി ഓഫീസ് വിവാദം: പ്രതിപക്ഷം നിയമസഭ ബഹിഷ്‌ക്കരിച്ചു

തിരുവനന്തപുരം: എജി ഓഫീസിനെതിരേ കേരള ഹൈക്കോടതി നടത്തിയ രൂക്ഷ വിമര്‍ശനങ്ങളുടെ പശ്ചാത്തലത്തില്‍ കൂടുതല്‍ ആരോപണവുമായി പ്രതിപക്ഷം നിയമസഭയില്‍ രംഗത്ത്. മുല്ലപ്പെരിയാര്‍ അണക്കെട്ട് അടക്കമുള്ള വിഷയങ്ങളില്‍ സംസ്ഥാനത്തിന്റെ താല്‍പര്യങ്ങള്‍ക്കു വിരുദ്ധമായ നിലപാടാണ് എജി സ്വീകരിക്കുന്നതെന്നും പ്രതിപക്ഷം നിയമസഭയില്‍ ആരോപിച്ചു. എജിയും മുഖ്യമന്ത്രിയും തമ്മില്‍ ഭരണഘടനയ്ക്കു പുറത്തുള്ള എന്തു ബന്ധമാണുള്ളതെന്നും പ്രതിപക്ഷം നിയമസഭയില്‍ ചോദിച്ചു. വിഷയം സഭ നിര്‍ത്തിവച്ച് ചര്‍ച്ച ചെയ്യണമെന്നു കാട്ടി അടിയന്തര പ്രമേയത്തിനു മാത്യൂ ടി തോമസ് നോട്ടീസ് നല്‍കി. എന്നാല്‍ എജിയെ സര്‍ക്കാരിനു വിശ്വാസമാണെന്നു മുഖ്യമന്ത്രി പറഞ്ഞു. പ്രധാനപ്പെട്ട പല കേസുകളിലും എജി കെ പി ദണ്ഡപാണി ഹാജരാകുകയും സര്‍ക്കാര്‍ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഹൈക്കോടതിയുടെ പരാമര്‍ശത്തോടു യോജിപ്പില്ലെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എജിയുടെ ഓഫീസിന്റെ പ്രവര്‍ത്തനങ്ങളില്‍ അസ്വസ്ഥരായവരാണു വിമര്‍ശനങ്ങള്‍ക്കു പിന്നിലെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. അറ്റോര്‍ണി ജനറല്‍ കേരള സര്‍ക്കാരിനെതിരേ സുപ്രീം കോടതിയില്‍ ഹാജരായ സംഭവത്തില്‍ തന്റെ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു. ഹൈക്കോടതിയുടെ വിമര്‍ശനം മുഖ്യമന്ത്രിയുടെ ചെകിട്ടത്തു കിട്ടിയ അടിയാണെന്നു പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ പറഞ്ഞു. മുഖ്യമന്ത്രിയുടെ വിശദീകരണത്തിന്റെ അടിസ്ഥാനത്തില്‍ സ്പീക്കര്‍ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസ് തള്ളി. ഇതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം നിയസഭയില്‍ നിന്നും ഇറങ്ങിപ്പോയി.

© 2024 Live Kerala News. All Rights Reserved.