മുന്‍ ചിത്രങ്ങളുടെ തുടര്‍ച്ച ”ഇവിടെ”

ഫെറൂസാ മെഹബൂബ്

 

ഋതുന്റേയും ഇംഗ്ലീഷിന്റെയും തുടര്‍ച്ച മാത്രമാകുന്നു ഇവിടെ. മുന്‍ ചിത്രങ്ങളിലെ പോലെ തന്നെ കാഴ്ചയിലേക്ക്് അധികം ഇടം കിട്ടാത്ത സമൂഹത്തെ പ്രതിനിധീകരിക്കുന്ന ജീവിതങ്ങളെ, കാഴ്ചക്കാരുടെ മുന്നിലേക്ക് എത്തിക്കാനുള്ള ശ്യാമപ്രസാദിന്റെ ശ്രമമാണ് ഇവിടെ എന്ന ചിത്രം.

അറ്റ്‌ലാന്റയിലെ പോലീസ് ഉദ്യോഗസ്ഥനായ വരുണ്‍ ബ്ലേക്ക് എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. ഇതേ നഗരത്തിന്റെ ഐടി കേന്ദ്രത്തിലെ ഇന്‍ഫോ ടെക്ക് എന്ന കമ്പനിയുടെ മേധാവിയാണ് ക്രിഷ് ഹെബ്ബാര്‍ എന്ന നിവിന്‍ പോളി കഥാപാത്രം. വിവാഹമോചിതയായി മകള്‍ക്കൊപ്പം ജീവിക്കുകയും, ഇന്‍ ഫോടെക്കില്‍ ജോലി ചെയ്യുന്ന രോഷ്‌നിയായി ഭാവന എത്തുന്നു. ഈ മൂന്ന് കഥാപാത്രങ്ങളിലൂടെയാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലം വികസിക്കുന്നത്. നഗരത്തിലുണ്ടാകുന്ന കൊലപാതക പരമ്പരകളുടെ അന്വേഷണം വരുണ്‍ ബ്ലേക്കില്‍ എത്തി ചേരുകയും തുടര്‍ന്ന,് ഇവരെ മൂന്ന് പേരെയും ബന്ധിപ്പിച്ച് നിര്ത്തുന്ന മറ്റ് ചില സംഭവങ്ങള്‍ക്കൂടി കഥാപുരോഗതിയില്‍ ഇഴ ചേരുന്നു.
കുറ്റകൃത്യവും അന്വേഷണവും അടങ്ങുന്ന കഥാന്തരീക്ഷത്തില്‍ വരുണ്‍ ബ്ലേക്ക് കഥാപാത്രവിവരണത്തിന് മാത്രമായിപോകുന്നു. പിന്നീട് അയാളുമായി ബന്ധപ്പെട്ടവരിലേക്കും, ക്രിഷ് ഹെബ്ബാറിന്റെയും രോഷ്‌നിയുടെയും ജീവിതത്തിലേക്കും സിനിമ സഞ്ചാര വഴിതുറക്കുമ്പോള്‍ കഥാപാത്രവിശദീകരണത്തിന് മാത്രമായി തീരുകയാണ് ഇവിടെയുടെ ആദ്യപകുതി. ഒരു കുറ്റാന്വേഷണ സിനിമയുടെ ആസ്വാദനവഴിയിലേക്ക് കാഴ്ചക്കാരനെ കൂടെ കൂട്ടുന്ന ചിത്രം ആദ്യപകുതിയില്‍ തീവ്രത കൈവരിക്കുകയും തുടര്‍ന്ന്്, കഥാപാത്രങ്ങളുടെ മാനസിക-വൈകാരിക തലത്തിലൂടെ വട്ടം തിരിയുന്ന കാഴ്ച മാത്രമായി മാറുന്നു.

അകമേയും പുറമേയും സംഘര്‍ഷത്തിലായ കഥാപാത്രങ്ങളിലൂടെ കഥ തുടരുമ്പോള്‍ കൊലപാതക പരമ്പരയും അന്വേഷണവും അപ്രധാനമായി അകന്നുപോകുന്നു. കുറ്റവാളിയെ കണ്ടെത്തേണ്ടത് നിര്‍ണ്ണായകമാണെന്ന തോന്നലിലേക്ക് കാഴ്ചക്കാരനും എത്തിച്ചേരുകയില്ലെന്ന് നിസംശയം പറയാം. സിനിമയുടെ കഥാ പശ്ചാത്തലം അറ്റ്‌ലാന്റയിലേക്ക് മാറ്റിയെന്നതിനപ്പുറം, കഥാപാത്രങ്ങളുടെ വൈകാരികാവസ്ഥകളുടെ വിശദീകരണവും വിശകലനവും ഒത്തുതീര്‍ത്ത്് പോക്കുമായി നിരാശപ്പെടുത്തുകയാണ് ഇവിടെ എന്ന ചിത്രം കാഴ്ചക്കാരനെ.