നിലം നികത്തി റോഡ് നിര്‍മ്മിച്ചെന്ന കേസ്: തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്

നിലം നികത്തി സ്വന്തം ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചെന്ന കേസില്‍ മന്ത്രി തോമസ് ചാണ്ടിക്കെതിരെ ത്വരിതാന്വേഷണത്തിന് ഉത്തരവ്. കോട്ടയം വിജിലന്‍സ് കോടതിയുടേതാണ് ഉത്തരവ്. തോമസ് ചാണ്ടി നിലം നികത്തിയില്ലെന്ന സര്‍ക്കാരിന്‍റെ വാദം തള്ളിയായിരുന്നു കോടതിയുടെ ഉത്തരവ്. റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാര്‍ സാവകാശം തേടിയെങ്കിലും അതും കോടതി അംഗീകരിച്ചില്ല.
ജനതാദള്‍ എസ് ആലപ്പുഴ ജില്ലാ സെക്രട്ടറി അഡ്വ സുഭാഷാണ് മന്ത്രിക്കെതിരെ കോടതിയെ സമീപിച്ചത്. എം പി ഫണ്ട് ദുരുപയോഗം ചെ്ത് മന്ത്രിയുടെ ഉടമസ്ഥതയിലുള്ള റിസോര്‍ട്ടിലേക്ക് റോഡ് നിര്‍മ്മിച്ചു, പാടശേഖരം നികത്തി അനധികൃത റോഡു നിര്‍മ്മാണം നടത്തി തുടങ്ങിയ ആരോപണങ്ങളായിരുന്നു സുഭാഷ് ഉന്നയിച്ചിരുന്നത്.

നേരത്തേ കേസ് പരിഗണിച്ച കോടതി പത്ത് ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ രണ്ടാഴ്ചത്തെ സാവകാശം വേണമെന്ന് സര്‍ക്കാര്‍ ആവശ്യപ്പെടുകയായിരുന്നു. സര്‍ക്കാരിന്റെ ആവശ്യം തള്ളിയ കേടതി ഉടന്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ അന്ന് നിര്‍ദ്ദേശിച്ചു.
അതേസമയം, മന്ത്രിക്കെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം. തോമസ് ചാണ്ടി രാജിവെയ്ക്കുന്നതുവരെ സമരം നടത്തുമെന്ന് എംഎം ഹസന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മന്ത്രിക്കെതിരെ നിലപാട് കടുപ്പിച്ച് മുന്നോട്ട് പോകാനാണ് സിപിഎമ്മിന്റേയും തീരുമാനം. തിങ്കളാഴ്ച ചേരുന്ന പാര്‍ട്ടി സെക്രട്ടേറിയറ്റ് വിഷയം ചര്‍ച്ച ചെയ്യും.

© 2024 Live Kerala News. All Rights Reserved.