സിനിമാരംഗത്തുനിന്നും രാഷ്ട്രീയത്തിലെത്തിയ എംജിആറിനും കരുണാനിധിക്കും ജയലളിതയ്ക്കും ശേഷം തമിഴകത്തിന്റെ മുഖ്യമന്ത്രി പദത്തിലേക്ക് രജനീകാന്ത് എത്തുന്നുവെന്നാണ് വാര്‍ത്തകള്‍. ഏറ്റവുമൊടുവില്‍ പുറത്തുവന്ന ഐബി റിപ്പോര്‍ട്ട് അനുസരിച്ച് സിനിമാക്കാര്‍ക്കിടയില്‍ നിന്നും അടുത്ത തമിഴ്നാട് മുഖ്യമന്ത്രിയാകാന്‍ ഏറ്റവും സാധ്യത രജനീകാന്തിനാണെന്നു വ്യക്തമാക്കുന്നു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് ഐബി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യമെന്ന് ദേശീയ മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. ആരാധകരുടെ പിന്തുണ കിട്ടുകയാണെങ്കില്‍ കമലിനെയും വിജയിയെയും പിന്തള്ളി രജനികാന്ത് തന്നെയാകും മുഖ്യമന്ത്രിയെന്നാണ് ഐബി ഉറപ്പിക്കുന്നത്.
രാഷ്ട്രീയപാര്‍ട്ടിയുമായി എത്തുമെന്നു രജനീകാന്തും കമല്‍ ഹാസനും പ്രഖ്യാപിച്ചു കഴിഞ്ഞു. ഇടയ്ക്കു വിജയിയും രാഷ്ട്രീയത്തിലേക്കെന്ന അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നു. ഇടക്കാല തെരഞ്ഞെടുപ്പു നടക്കുകയാണെങ്കില്‍ എന്താകും സ്ഥിതിയെന്നു മനസിലാക്കാനാണു ബിജെപി നിര്‍ദേശത്തെത്തുടര്‍ന്ന് ഐബി റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിലവില്‍ എഐഎഡിഎംകെയാണ് തമിഴ്നാട്ടില്‍ അധികാരത്തില്‍. ജയലളിതയുടെ പ്രചാരണ തന്ത്രങ്ങളും വലിയ ഇളവുകള്‍ പ്രഖ്യാപിച്ചതുമാണ് ഇതിനു സഹായിച്ചത്. എന്നാല്‍, ഇടക്കാല തെരഞ്ഞെടുപ്പു നടന്നാല്‍ ഇതാകില്ല സ്ഥിതിയെന്നും ഐബി ചൂണ്ടിക്കാട്ടുന്നു.
89 ശതമാനം ആളുകളും നിലവിലെ സര്‍ക്കാരില്‍ അസംതൃപ്തി അറിയിച്ചിട്ടുണ്ട്. ഇപിഎസും ഒപിഎസും ദിനകരനുമടക്കമുള്ളവര്‍ സൃഷ്ടിച്ചെടുത്ത രാഷ്ട്രീയ അനിശ്ചിതത്വമാണ് ഇതിനിടയാക്കിയത്. സര്‍വേയില്‍ പങ്കെടുത്ത 80% ആളുകളും ഇനി അണ്ണാ ഡിഎംകെയ്ക്ക് വോട്ടു ചെയ്യില്ലെന്നു വ്യക്തമാക്കി. എന്നാല്‍, മറുഭാഗത്ത് 49% ആളുകള്‍ മാത്രമാണ് ഡിഎംകെയ്ക്ക് വോട്ടു ചെയ്യുമെന്ന് അറിയിച്ചത്. എന്നാല്‍, നിര്‍ണായകമായത് മറ്റൊന്നാണ്. രജനീകാന്തിനെപ്പോലെ ഒരാള്‍ രാഷ്ട്രീയത്തിലേക്കു വന്നാല്‍ അവര്‍ക്ക് വോട്ട് ചെയ്യുമെന്നാണ് ഇവരുടെ നിലപാട്. നാലു ശതമാനം ആളുകള്‍ കമല്‍ ഹാസനും ഒമ്പതു ശതമാനം ആളുകള്‍ വിജയ്ക്കും പിന്തുണ നല്‍കുമെന്ന് അറിയിച്ചപ്പോള്‍ 19% ആളുകളാണ് സ്റ്റൈല്‍ മന്നനെ പിന്തുണച്ചത്. രാഷ്ട്രീയത്തില്‍ ഇല്ലാതിരുന്നിട്ടു പോലും അഞ്ചിലൊരാളുടെ പിന്തുണ രജനീകാന്തിനുണ്ട് എന്നതാണ് പ്രത്യേകത. കൃത്യമായ പദ്ധതികളോടെ സഖ്യമുണ്ടാക്കിയാല്‍ രജനീകാന്ത് തന്നെയാകും അടുത്ത മുഖ്യമന്ത്രി.