പ്രചാരണത്തിന് മുന്നോടിയായി ഗുജറാത്തിൽ രാഹുലിനെതിരെ ചോദ്യങ്ങളുമായി അമിത് ഷാ

ഗുജറാത്തിൽ തിരഞ്ഞെടുപ്പു പ്രചാരണത്തിനായി എത്തിയ ബിജെപി അധ്യക്ഷൻ അമിത്ഷാ കോൺഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധിക്ക് നേരെ ആഞ്ഞടിച്ചു. ബിജെപിക്കെതിരെ ആഞ്ഞടിച്ചുകൊണ്ടുള്ള പ്രചാരണപരിപാടി രാഹുൽ അവസാനിപ്പിച്ചതിനു പിന്നാലെയാണ് സന്ദർശനത്തിനായി അമിത് ഷായെത്തിയത്.
തന്റെ പ്രസംഗത്തിൽ രാഹുലിനെതിരെ അഞ്ചു ചോദ്യങ്ങളും അമിത് ഷാ ഉന്നയിച്ചു. നർമദ അണക്കെട്ടു പദ്ധതി, യുപിഎ സർക്കാരിന്റെ കാലത്തു സംസ്ഥാനത്തിനു നൽകിയ ആനുകൂല്യങ്ങൾ എന്നിവയിലാണ് ഗുജറാത്തിലെ കച്ചിൽ പ്രസംഗിക്കവെ അമിത് ഷാ ചോദ്യങ്ങളുന്നയിച്ചത്. നർമദ പദ്ധതിയുടെ പൂർത്തീകരണത്തിനു യുപിഎ സക്കാർ അനുമതി നൽകാതിരുന്നത് എന്തുകൊണ്ടാണ്? എന്നായിരുന്നു അമിത് ഷായുടെ ആദ്യത്തെ ചോദ്യം. നർമദ അണക്കെട്ടിന്റെ ഗേറ്റുകൾ അടയ്ക്കാൻ കോൺഗ്രസ് എന്തുകൊണ്ട് അനുമതി നൽകിയില്ല? കച്ചിലെ ഉപ്പ് നിർമാണ തൊഴിലാളികൾക്ക് പ്രത്യേക സഹായം നൽകാത്തതെന്തു കൊണ്ടാണ്? യുപിഎ അധികാരത്തിലിരുന്നപ്പോൾ ഗാന്ധിനഗറിനും ധനസഹായം ലഭിച്ചില്ല. എന്തുകൊണ്ട്? ക്രൂഡ് ഓയിൽ ധനസഹായം വർഷങ്ങളോളം ഗുജറാത്തിന് അനുവദിക്കാതിരുന്നതിനു പിന്നിൽ എന്തായിരുന്നു? എന്നിങ്ങനെ അഞ്ച്‌ ചോദ്യങ്ങളാണ് അദ്ദേഹം രാഹുലിനെതിരെ ഉന്നയിച്ചത്.

ഗുജറാത്തിന്റെ സത്യാവസ്ഥ ബിജെപി ചിത്രീകരിക്കുന്നതിൽനിന്നും വളരെ വ്യത്യസ്തമാണെന്ന രാഹുൽ ഗാന്ധിയുടെ പരാമർശത്തിനു പിന്നാലെയാണ് ചോദ്യങ്ങളുമായി അമിത് ഷാ തന്നെ രംഗത്തെത്തിയിരിക്കുന്നത്. നിങ്ങൾക്ക് എല്ലാം തന്നുവെന്നാണ് ബിജെപി അവകാശപ്പെടുന്നത്. തൊഴിൽ, കുട്ടികൾക്കു വിദ്യാഭ്യാസം, ചികിൽസ ഇവ നിങ്ങൾക്കു ലഭിച്ചിട്ടുണ്ടോ. നിങ്ങളൊരു സെൽഫിയെടുക്കുമ്പോൾ ചൈനയിലെ യുവാവിനാണ് അതിന്റെ ഗുണം ലഭിക്കുകയെന്ന് രാഹുൽ ഗുജറാത്തിലെ പര്യടനത്തിനിടെ പറഞ്ഞിരുന്നു.
വരുന്ന ആറു ദിവസത്തിനുള്ളിൽ ഗുജറാത്തിലെ 33 ജില്ലകളിലാണ് അമിത് ഷാ പര്യടനം നടത്തുന്നത്. നരേന്ദ്ര മോദിയുടെ രണ്ടാം ഘട്ട പ്രചാരണപരിപാടിക്കു മുന്നോടിയായിട്ടാണ് അമിത് ഷായുടെ സന്ദർശനം. ഡിസംബർ ഒൻപത്, 14 തീയതികളിലായി രണ്ടു ഘട്ടമായിട്ടാണ് ഗുജറാത്തിൽ തിരഞ്ഞെടുപ്പ് നടക്കുക.