നിരോധിച്ച നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാനാകില്ലെന്ന് സുപ്രീം കോടതി,നോട്ടുകൾ കൈവശമുള്ളവർക്കെതിരെ തത്കാലം നടപടി ഉണ്ടാകില്ലെന്ന് കേന്ദ്രം

റദ്ദാക്കപ്പെട്ട നോട്ടുകൾ ബാങ്കിൽ ഡെപ്പോസിറ് ചെയ്യാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് സമർപ്പിച്ച ഒരു കൂട്ടം ഹർജികൾ സുപ്രീം കോടതി തള്ളി. 500 , 1000 രൂപയുടെ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കുന്നതിനുള്ള സമയ പരിധി കഴിഞ്ഞ സാഹചര്യത്തിൽ ഇതിനായി പ്രത്യേകം അനുമതി നല്കണമെന്നാവശ്യപ്പെട്ടാണ് 14 വ്യക്തികൾ അപ്പക്സ് കോടതിയെ സമീപിച്ചത്. എന്നാൽ ഇത് പരിഗണിക്കാനാകില്ലെന്നും ഈ ആവശ്യം ഉന്നയിച്ചു പരാതിക്കാർക്ക് ഭരണ ഘടന ബെഞ്ചിനെ സമീപിക്കാമെന്ന് കോടതി വ്യക്തമാക്കി.
നോട്ട് റദ്ദാക്കിയ കേന്ദ്ര സർക്കാർ നടപടി ഭരണഘടനാ ലംഘനമാണെന്ന ഹർജി ഭരണഘടന ബെഞ്ച് ഇപ്പോൾ പരിഗണിച്ചു വരികയാണ്. പഴയ നോട്ടുകൾ ബാങ്കിൽ നിക്ഷേപിക്കാൻ അനുവദിക്കണമെന്ന ആവശ്യം അവിടെ ഉന്നയിക്കാമെന്ന് ഇന്ന് കേസ് പരിഗണിക്കവെ സുപ്രീം കോടതി വ്യക്തമാക്കി. എന്നാൽ റദ്ദാക്കിയ നോട്ടുകൾ കൈവശം വച്ചിരിക്കുന്നവർക്കെതിരെ നിയമ നടപടികൾ സ്വീകരിക്കാൻ ഇപ്പോൾ ഉദ്ദേശിക്കുന്നില്ലെന്ന് കേസിന്റെ വാദത്തിനിടയിൽ കേന്ദ്ര സർക്കാർ വ്യക്തമാക്കി. നേരത്തെ ഇത്തരം നോട്ടുകൾ ഇനിയും സൂക്ഷിക്കുന്നവർക്കെതിരെ നടപടി ഉണ്ടാകുമെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിരുന്നു.