സ്വാശ്രയത്തില്‍ സര്‍ക്കാരിന് തിരിച്ചടി; കരാര്‍ ഭരണഘടനാ വിരുദ്ധമെന്ന് ഹൈക്കോടതി

സ്വാശ്രയ കേസില്‍ സര്‍ക്കാരിന് തിരിച്ചടി. സ്വാശ്രയ മെഡിക്കല്‍ കോളജുകളുമായി കരാര്‍ ഏര്‍പ്പെടുന്നത് ഭരണഘടനാവിരുദ്ധമെന്ന് ഹൈക്കോടതി. ഇന്റര്‍ ചര്‍ച്ച് കൗണ്‍സില്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് ഹൈക്കോടതി പരാമര്‍ശം. നവംബര്‍ 15ന് മുന്‍പ് മാനേജുമെന്റുകള്‍ ഫീസ് നിശ്ചയിക്കണമെന്നും ഫെബ്രുവരി 15ന് മുന്‍പ് റെഗുലേറ്ററി കമ്മീഷനും തീരുമാനമെടുക്കണമെന്നും കോടതി നിര്‍ദേശിച്ചു. താല്‍ക്കാലികമായി ഫീസ് നിശ്ചയിക്കാന്‍ ഫീസ് നിര്‍ണയ സമിതിക്ക് അധികാരമില്ല, ഫീസ് നിര്‍ണയിക്കുന്നതിന് ജംബോ കമ്മിറ്റി എന്തിനെന്നും ഹൈക്കോടതി ആരാഞ്ഞു. അടുത്ത വര്‍ഷം മുതല്‍ കൃത്യമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ സ്ഥിരമായ ഫീസ് നിശ്ചയിച്ച് പ്രവേശനം നടത്തണം. ഇത് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ ഒരു കലണ്ടര്‍ തന്നെ കോടതി നിശ്ചയിട്ടുണ്ട്. രാജേന്ദ്രബാബു കമ്മീഷന്റെ സാധുത പുനപരിശോധിക്കണമെന്നും കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. എന്നാല്‍ ഈ വര്‍ഷത്തെ പ്രവേശന നടപടികള്‍ പൂര്‍ത്തിയായതിനാല്‍ ഇടപെടുന്നില്ലെന്നും കോടതി പറഞ്ഞു.
എല്ലാ വര്‍ഷവും നവംബര്‍ പതിനഞ്ചിനകം സ്വാശ്രയ മാനേജ്മെന്റുകള്‍ തങ്ങളുടെ ഫീസ് എത്രയാണെന്ന് ഫീസ് നിര്‍ണയ സമിതിയെ അറിയിക്കണം. അതിനുശേഷം ഫെബ്രുവരിയോടെ തന്നെ ഫീസ് നിര്‍ണയ സമിതി ഇത് വിശകലനം ചെയ്ത് ഫീസ് നിശ്ചയിക്കണം. ഫീസ് സംബന്ധിച്ച് ഏതെങ്കിലും ആക്ഷേപങ്ങള്‍ ഉണ്ടായാല്‍ ഒരു മാസത്തിനകം ഹൈക്കോടതിയെ ഇക്കാര്യം അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

അടുത്ത വര്‍ഷം മുതലുള്ള പ്രവേനത്തിലായിരിക്കും ഈ ഉത്തരവ് ബാധകമാവുക. നിലവില്‍ താല്‍ക്കാലിക കമ്മിറ്റി നിശ്ചയിച്ച ഫീസില്‍ കോടതി ഇടപെട്ടില്ല. ലാഭനഷ്ടങ്ങള്‍ നോക്കി ഫീസ് നിശ്ചയിക്കണമെന്നും തലവരിപ്പണം പാടില്ലെന്നും കോടതി നിര്‍ദേശിച്ചു. സ്വാശ്രയ മാനേജ്മെന്റ് കോളേജുകള്‍ നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്.

© 2024 Live Kerala News. All Rights Reserved.