ഉത്തര്‍പ്രദേശില്‍ എന്‍ടിപിസി പ്ലാന്റില്‍ വന്‍ സ്‌ഫോടനം; 12 മരണം; നൂറോളം പേര്‍ക്ക് പരിക്ക്

ഉത്തര്‍പ്രദേശിലെ റായ്ബറേലിക്ക് സമീപം നഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പ്പറേഷന്‍ (എന്‍ടിപിസി) പ്ലാന്റില്‍ വന്‍ സ്‌ഫോടനം. 12 പേര്‍ മരിച്ചു. നൂറോളം പേര്‍ക്ക് പരിക്കേറ്റു. പൊള്ളലേറ്റവരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. നീരാവി കടന്നു പോകുന്ന ട്യൂബ് പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
അപകടം നടക്കുമ്പോള്‍ നൂറ്റിയന്‍പതോളം തൊഴിലാളികള്‍ പ്ലാന്റിലുണ്ടായിരുന്നു. പ്ലാന്റിന്റെ ആറാമത്തെ യൂണിറ്റിലാണ് അപകടമുണ്ടായത്. മരണ സംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്.

മരിച്ചവരുടെ കുടുംബത്തിന് രണ്ട് ലക്ഷം രൂപയും ഗുരുതരമായി പരിക്കേറ്റവരുടെ കുടുംബത്തിന് 50,000 രൂപയും സര്‍ക്കാര്‍ ധനസഹായം പ്രഖ്യാപിച്ചു. നിസാര പരിക്ക് സംഭവിച്ചവര്‍ക്ക് 25,000 രൂപയും നല്‍കുമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു.