ജിഷ്ണു പ്രണോയ് കേസ്: സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു

ജിഷ്ണു പ്രേണോയ് കേസില്‍ സംസ്ഥാന സര്‍ക്കാര്‍ സുപ്രീംകോടതിയില്‍ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. നെഹ്‌റു കോളെജില്‍ നിന്നും പിടിച്ചെടുത്തിട്ടള്ള ഹാര്‍ഡ് ഡിസ്‌ക്കിന്റെ പരിശോധന ഫലത്തിനായി കാത്തിരിക്കുകയാണെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കോടതി നിര്‍ദ്ദേശിച്ചിരുന്നു.
ജിഷ്ണു പ്രണോയ്, ഷഹീര്‍ ഷൗക്കത്ത് അലി കേസുകളിലെ അന്വേഷണം പുരോഗമിക്കുകയാണെന്ന് സര്‍ക്കാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലുണ്ട്. നെഹ്‌റു കോളെജില്‍ നിന്നും പിടിച്ചെടുത്ത ഹാര്‍ഡ് ഡിസ്‌ക് ഗുജറാത്തിലെ ഡയറക്ടറേറ്റ് ഓഫ് ഫോറന്‍സിക് സയന്‍സ് ലബോറട്ടറിയില്‍ പരിശോധനയ്ക്കയച്ചിരിക്കുകയാണ്. കോളെജിലെ സിസിടിവി ദൃശ്യങ്ങളും ലഭിച്ച രണ്ട് സിം കാര്‍ഡുകളും മെമ്മറി കാര്‍ഡും പരിശോധനയ്ക്ക് വിധേയമാക്കി. ഇതിന്റെ വിവരങ്ങളും റിപ്പോര്‍ട്ടിലുണ്ട്. ജിഷ്ണു കേസ് സിബിഐക്ക് വിട്ടുകൊണ്ടുള്ള ഉത്തരവിന്റെ കാര്യവും റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

ഷഹീര്‍ ഷൗക്കത്തലി കേസിന്റെ അന്വേഷണം അന്തിമഘട്ടത്തിലാണ്. അസുഖ ബാധിതയായ അമ്മയെ കാണണമെന്നാവശ്യപ്പെട്ടുള്ള കൃഷ്ണദാസിന്റെ ഹര്‍ജി വെള്ളിയാഴ്ച പരിഗണിക്കുമ്പോള്‍ സര്‍ക്കാര്‍ ഇക്കാര്യം കോടതിയെ അറിയിക്കും. കൃഷ്ണദാസിന്റെ അമ്മക്ക് ഗുരുതര ആരോഗ്യപ്രശ്ങ്ങളില്ല എന്ന കാര്യവും സര്‍ക്കാര്‍ വെള്ളിയാഴ്ച കോടതിയില്‍ വ്യക്തമാക്കും.

© 2024 Live Kerala News. All Rights Reserved.