കേരളത്തില്‍ ലൗജിഹാദിന്റെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനം; സര്‍ക്കാര്‍ വോട്ടു ബാങ്ക് രാഷ്ട്രീയം കളിക്കരുതെന്ന് കേന്ദ്രമന്ത്രി

കേരളത്തില്‍ ലൗ ജിഹാദിന്റെ പേരില്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുവെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ്. രാജ്യത്ത് ഐസിന് സ്വാധീനമുണ്ടാക്കാനായുള്ള ബോധപൂര്‍വ്വമായ ശ്രമമാണ് ലൗ ജിഹാദ് കേസുകളിലൂടെ നടക്കുന്നതെന്നും മന്ത്രി ആരോപിച്ചു. വിദേശത്ത് നിന്നാണ് ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സാമ്പത്തിക സഹായം അവര്‍ക്ക് ലഭിക്കുന്നതെന്നും മന്ത്രി അഭിപ്രായപ്പെട്ടു.
കേരളത്തില്‍ പോപ്പുലര്‍ ഫ്രണ്ടിന്റേയും സത്യസരണിയുടേയും ഇടപെടലിലൂടെ വലിയ മതപരിവര്‍ത്തനമാണ് നടക്കുന്നത്. ഇത്തരം സംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കണം, കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണം. കേരള സര്‍ക്കാര്‍ വോട്ട് ബാങ്ക് രാഷ്ട്രീയം കളിക്കാതെ വിഷയത്തില്‍ ഗൗരവതരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഓപ്പറേഷന്‍ ജിഹാദ് മാഫിയ എന്ന പേരില്‍ ഇന്ത്യ ടുഡേ കഴിഞ്ഞ ദിവസം സ്റ്റിങ് ഓപ്പറേഷന്‍ പുറത്തുവിട്ടിരുന്നു. ഇതേത്തുടര്‍ന്നാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന.

സ്വമേധയാ നടക്കുന്ന മതപരിവര്‍ത്തനങ്ങളെ ബിജെപി സ്വാഗതം ചെയ്യുന്നു. എന്നാല്‍ ബലം പ്രയോഗിച്ചോ സമ്മര്‍ദ്ദപ്പെടുത്തിയോ ഉള്ള മതപരിവര്‍ത്തനങ്ങള്‍ നിയമവിരുദ്ധമാണെന്നും അത്തരം കേസുകള്‍ അന്വേഷണത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തെ ലൗ ജിഹാദ് വിഷയം ഗൗരവതരമായി പരിഗണിക്കണം. ഇതിനെതിരെ ദേശീയ തലത്തില്‍ സുരക്ഷ ഉറപ്പാക്കണമെന്നും രവിശങ്കര്‍ പ്രസാദ് ആവശ്യപ്പെട്ടു.