ഐഎഎസ് നേടാന്‍ കോപ്പിയടി: മലയാളി ഐപിഎസ് ഉദ്യോഗസ്ഥനും ഭാര്യയും അറസ്റ്റില്‍

ഐഎഎസ് നേടാന്‍ സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് കോപ്പിയടിച്ച മലയാളി ഐപിഎസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. തിരുനെല്‍വേലി നങ്കുനേരിയിലെ എഎസ്പി സഫീര്‍ കരീം ആണ് പിടിയിലായത്. ഇയാള്‍ക്കെതിരെ വഞ്ചനാക്കുറ്റം ചുമത്തിയെന്ന് പൊലീസ് പറഞ്ഞു. ഇയാള്‍ എറണാകുളം നെടുമ്പാശേരി കുന്നുകര സ്വദേശിയാണ്.
സിവില്‍ സര്‍വ്വീസ് പരീക്ഷക്കിടെയാണ് ബ്ലൂടൂത്ത് ഫോണ്‍ കണക്ട് ചെയ്ത് സഫീര്‍ കോപ്പിയടിക്കാന്‍ ശ്രമിച്ചത്. ഹൈദരാബാദില്‍ നിന്ന് ഭാര്യ മൊബൈല്‍ ഫോണിലൂടെ ഉത്തരം പറഞ്ഞ് കൊടുക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു. സ്പെഷ്യല്‍ സ്‌ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇയാള്‍ പിടിയിലായത്. കോപ്പിയടിക്കാന്‍ സഹായിച്ച ഭാര്യ ജോയിസിയും അറസ്റ്റിലായി. ഇവര്‍ കാഞ്ഞിരപ്പള്ളി സ്വദേശിയാണ്. ഭാര്യയ്‌ക്കെതിരെയും വഞ്ചനാക്കുറ്റം ചുമത്തിയെന്ന് പൊലീസ് അറിയിച്ചു. കുറ്റം തെളിഞ്ഞാല്‍ ഇയാളുടെ ഐപിഎസ് പദവി തടഞ്ഞേക്കുമെന്നാണ് സൂചന.

സഫീര്‍ രണ്ടു വര്‍ഷം മുന്‍പും ഐഎഎസ് പരീക്ഷയ്ക്ക് വിധേയനായിരുന്നെങ്കിലും പിന്നീട് ഇന്ത്യന്‍ പൊലീസ് സര്‍വീസില്‍ ചേരാന്‍ തീരുമാനിക്കുകയായിരുന്നു. 112ാം റാങ്ക് നേടിയാണ് സഫീര്‍ ഐപിഎസ് പാസ്സായത്. ഇയാള്‍ ‘കരീംസ് ഐഎഎസ് സ്റ്റഡി സെന്റര്‍’ എന്നപേരില്‍ എറണാകുളത്തും തിരുവനന്തപുരത്തും സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രവും നടത്തുന്നുണ്ട്. 1994-ല്‍ പുറത്തിറങ്ങിയ മലയാളചലച്ചിത്ര കഥാപാത്രമായ ‘കമ്മീഷണര്‍’ എന്ന ചിത്രത്തിലെ പൊലീസ് ഓഫീസറുടെ കഥാപാത്രത്തില്‍ ആകൃഷ്ടനായാണ് സഫീര്‍ ഐപിഎസ്സ് ജോലിയിലേക്ക് പ്രവേശിച്ചത്.

© 2024 Live Kerala News. All Rights Reserved.