ജുനൈദ് ഖാന്‍ കൊലപാതകം: പ്രതികളെ മുതിര്‍ന്ന സര്‍ക്കാര്‍ അഭിഭാഷകന്‍ സഹായിക്കുന്നുവെന്ന് വിചാരണ കോടതി ജഡ്ജി

ജുനൈദ് ഖാന്‍ കൊലപാതകേസില്‍ ഹരിയാന അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെതിരേ വിചാരണ കോടതി ജഡ്ജി. കേസിന്റെ വിചാരണ വേളയില്‍ പ്രതികളെ സഹായിച്ചുവെന്ന ഗുരുതര ആരോപണമാണ് ഫരീദാബാദിലെ അഡീഷണല്‍ ജില്ല സെഷന്‍സ് ജഡ്ജി വൈഎസ് റാത്തോഡ് ഉന്നയിച്ചിരിക്കുന്നത്. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ നവീന്‍ കൗഷിക്കിന് എതിരെ നടപടി വേണമെന്നും ജഡ്ജി നിര്‍ദേശിച്ചിട്ടുണ്ട്.
ഒക്ടോബര്‍ 25ന് പുറത്തിറക്കിയ ഇടക്കാല ഉത്തരവിലാണ് 15 കാരനായ ജുനൈദ് ഖാനെ കൊലപ്പെടുത്തിയ കേസിലെ മുഖ്യ പ്രതി നരേഷ് കുമാറിനെ ഹരിയാന സര്‍ക്കാരിന്റെ മുതിര്‍ന്ന അഭിഭാഷകന്‍ സഹായിച്ചുവെന്ന് വിചാരണ കോടതി ആരോപിക്കുന്നത്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന സാക്ഷി വിസ്താരത്തിനിടയില്‍ കേസിലെ മുഖ്യപ്രതിയായ നരേഷ് കുമാറിനെ സഹായിക്കുന്ന നിലപാട് നവീന്‍ കൗശിക് സ്വീകരിച്ചു എന്നാണ് ജഡ്ജിയുടെ ആരോപണം. കേസിലെ രണ്ട് സാക്ഷികളെ വിസ്തരിക്കുന്നതിനുള്ള ചോദ്യങ്ങള്‍ മുഖ്യ പ്രതിയായ നരേഷ് കുമാറിന്റെ അഭിഭാഷകര്‍ക്ക് നവീന്‍ കൗശിക് പറഞ്ഞു കൊടുത്തതായും ജഡ്ജി വൈഎസ് റാത്തോഡ് ഇടക്കാല ഉത്തരവില്‍ പരാമര്‍ശിച്ചിട്ടുണ്ട്.

ഹരിയാന സര്‍ക്കാരിന്റെ അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിന്റെ നടപടി നീതി ധര്‍മത്തിന് എതിരാണെന്നും അഭിഭാഷകനെന്ന നിലയില്‍ അയോഗ്യനാവുകയാണെന്നും ഇത്തരം നടപടികള്‍ ഒരു അഭിഭാഷകന് യോജിച്ച പ്രവര്‍ത്തിയല്ലെന്നും, അദ്ദേഹത്തിനെതിരെ നടപടി വേണമെന്നും വിചാരണ കോടതി ജഡ്ജി ആവശ്യപ്പെട്ടു. അഡീഷണല്‍ അഡ്വക്കേറ്റ് ജനറല്‍ പദവി വഹിക്കുന്ന നവീന്‍ കൗശിക്കിന്റെ പ്രവര്‍ത്തനം തെറ്റായ സന്ദേശമാണ് സമൂഹത്തിന് നല്‍കുകയെന്നും, അത് കൊല്ലപ്പെട്ട ജുനൈദിന്റെ കുടുംബത്തിന് അരക്ഷിതത്വമാണ് നല്‍കുകയെന്നും കോടതി വ്യക്തമാക്കി. അഡീഷണല്‍ അഡ്വക്കേറ്റ് ജനറലിനെതിരെ നടപടിയെടുക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ട് പഞ്ചാബ് ആന്‍ഡ് ഹരിയാന ഹൈക്കോടതിക്കും, അഡ്വക്കേറ്റ് ജനറലിന്റെ ഓഫീസിനും, ഹരിയാന ബാര്‍ കൗണ്‍സിലിനും കത്ത് നല്‍കി.
ചെറിയപെരുന്നാളിന്റെ രണ്ടുദിവസം മുമ്പാണ് ദല്‍ഹിയില്‍ നിന്നു വസ്ത്രങ്ങളുള്‍പ്പെടെ വാങ്ങി മടങ്ങുന്നതിനിടെ 17കാരനായ ജുനൈദ് ഖാനെ ട്രെയിനുള്ളില്‍ വെച്ച് മര്‍ദ്ദിച്ചു കൊലപ്പെടുത്തുകയും സഹോദരനെ ഗുരുതരമായി പരിക്കേല്പപ്പിക്കുകയും ചെയ്തിരുന്നു.

© 2024 Live Kerala News. All Rights Reserved.