ബിജെപിക്കുള്ളിലെ അഭ്യന്തര കലാപം തുറന്നുസമ്മതിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോഡി. പാര്‍ട്ടി നേതാക്കള്‍ വ്യതസ്ഥ അഭിപ്രായങ്ങള്‍ പ്രകടിപ്പിക്കുന്നെന്നും ഭിന്ന സ്വരങ്ങള്‍ പാര്‍ട്ടിക്ക് ദോഷം ചെയ്യുമെന്നും നരേന്ദ്ര മോഡി പറഞ്ഞു. പാര്‍ട്ടിക്കകത്തെ ഭിന്ന സ്വരങ്ങളെ കുറിച്ച്, ബിജെപി പല സ്വരങ്ങളില്‍ സംസാരിക്കുന്നു എന്നാണ് മോഡി പറഞ്ഞത്. ഡല്‍ഹിയില്‍ പാര്‍ട്ടി ആസ്ഥാനത്ത് ‘ദീവാലി മിലന്‍’ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മോഡി.
താന്‍ പാര്‍ട്ടി പ്രവര്‍ത്തനം ആരംഭിച്ച ബിജെപിയുടെ ആദ്യ രൂപമായിരുന്ന ഭാരതീയ ജനസംഘത്തിന്റെ കാലം ഓര്‍ത്തെടുത്തു കൊണ്ടായിരുന്നു മോഡിയുടെ പ്രസംഗം. അന്ന് നേതാക്കളുടെ ആശയങ്ങള്‍ വ്യതസ്ഥങ്ങളായിരുന്നെങ്കിലും കേന്ദ്ര നേതൃത്വത്തിന്റെയും സാധാരണ പാര്‍ട്ടി പ്രവര്‍ത്തകരുടേയും വീക്ഷണം ഒന്നു തന്നെയായിരുന്നെന്നാണ് മോഡി പറഞ്ഞത്.
പാര്‍ട്ടി വികസിച്ചെങ്കിലും അകത്തെ ആശയപരമായ ഏകസ്വരത നഷ്ടപ്പെട്ടു എന്ന് മോഡി നിരാശയോടെ പറഞ്ഞു. തീവ്രമായ പരിശീലന പരിപാടികളിലൂടെയും നിരന്തരവും കൃത്യവുമായ ആശയവിനിമയങ്ങളിലൂടെയും മാത്രമേ പാര്‍ട്ടിക്കകത്തെ ഏകസ്വരത നിലനിര്‍ത്താന്‍ കഴിയൂ എന്നും എന്നാല്‍ അത് ഇപ്പോഴത്തെ അവസ്ഥയില്‍ സാധ്യമല്ലെന്നും മോഡി നിരാശ പ്രകടിപ്പിച്ചു.
മോഡിയുടെ സാമ്പത്തിക പരിഷ്‌കാരങ്ങള്‍ക്കെതിരെ മുതിര്‍ന്ന ബിജെപി നേതാവും വാജ്‌പേയ് മന്ത്രി സഭയിലെ ധനമന്ത്രിയുമായിരുന്ന യശ്വന്ത് സിന്‍ഹ രംഗത്തു വന്നത് പാര്‍ട്ടിക്കകത്ത് വന്‍ വിവാദമായിരുന്നു. നോട്ടു നിരോധനംമൂലം ജനങ്ങള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ അറിയുന്ന ബിജെപി നേതാക്കള്‍ ഉണ്ടെന്നും എന്നാല്‍ ഭയംമൂലം ആരും പുറത്ത് പറയുന്നില്ലെന്നുമാണ് യശ്വന്ത് സിന്‍ഹ പ്രതികരിച്ചിരുന്നത്. പ്രധാനമന്ത്രിയാകുമെന്ന് കരുതിയിരുന്ന മുന്‍ പാര്‍ട്ടി അധ്യക്ഷന്‍ എല്‍ കെ അദ്വാനിയുമായും മറ്റും ചുറ്റിപ്പറ്റിയുള്ള വിവാദങ്ങളും പാര്‍ട്ടിക്കകത്തുണ്ട്.