ഗുജറാത്ത്: ഹാര്‍ദ്ദിക് ഇടഞ്ഞുതന്നെ; പട്ടേല്‍ സംവരണ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസിന് മുന്നറിയിപ്പ്

പട്ടേല്‍ സംവരണവിഷയത്തില്‍ രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും നിലപാട് വ്യക്തമാക്കണമെന്ന് ഗുജറാത്തിലെ പടിതര്‍ നേതാവ് ഹാര്‍ദ്ദിക് പട്ടേല്‍. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ വിശാല സഖ്യത്തിനായി കോണ്‍ഗ്രസ് ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഹാര്‍ദ്ദികിന്റെ മുന്നറിയിപ്പ്. ട്വിറ്ററിലൂടെയാണ് അദ്ദേഹം സംവരണ വിഷയത്തില്‍ നിലാപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടത്.
നിലപാട് വ്യക്തമാക്കിയില്ലെങ്കില്‍ അമിത് ഷായുടെ റാലിക്കുണ്ടായ വിധി തന്നെയാകും രാഹുലിനുമുണ്ടാകുകയെന്ന് ഹാര്‍ദ്ദിക് മുന്നറിയിപ്പ് നല്‍കി. സര്‍ക്കാര്‍ ജോലിക്കും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പട്ടേല്‍ സമുദായക്കാര്‍ക്ക് 50 ശതമാനത്തിലധികം പ്രത്യേക സംവരണം വേണമെന്ന ആവശ്യത്തില്‍ നവംബര്‍ മൂന്നിനകം തീരുമാനം അറിയിക്കണമെന്നാണ് പ്രധാനമായും പടിതര്‍ മുന്നോട്ട് വെക്കുന്ന ആവശ്യം. ഹാര്‍ദ്ദികിനെ വിശാല സഖ്യത്തിള്‍ ഉള്‍പ്പെടുത്താന്‍ കോണ്‍ഗ്രസ് ശ്രമിച്ചിരുന്നെങ്കിലും സംവരണവുമായി ബന്ധപ്പെട്ട നിലപാട് ഇതുവരെ പാര്‍ട്ടി വ്യക്തമാക്കിയിട്ടില്ല.
ബിജെപിയോട് ഇടഞ്ഞിരിക്കുന്ന ഹാര്‍ദ്ദികിനെ ഏതുവിധേനെയും തങ്ങളോട് അടുപ്പിക്കാനാണ് കോണ്‍ഗ്രസ് ശ്രമം. ഹാര്‍ദ്ദികിനെതിരെ ചുമത്തിയിരുന്ന രാജ്യദ്രോഹ കുറ്റം പിന്‍വലിച്ച് തങ്ങളുടെ പാളയത്തിലേക്കെത്തിക്കാന്‍ ബിജെപി ശ്രമിച്ചിരുന്നെങ്കിലും ഹാര്‍ദ്ദിക് വഴങ്ങിയിരുന്നില്ല. സംവരണ വിഷയത്തില്‍ തീരുമാനമുണ്ടാക്കാത്ത കാരണത്താലാണ് ഹാര്‍ദ്ദികിന്റെ ബിജെപി വിരോധം എന്നത് പരസ്യമായ കാര്യമാണെന്നതുകൊണ്ട്തന്നെ അദ്ദേഹത്തിന്റെ ആവശ്യം കോണ്‍ഗ്രസ് മുഖവിലക്കെടുക്കും എന്നാണ് സൂചന.

© 2024 Live Kerala News. All Rights Reserved.