ഗൗരിയുടെ മരണം: ട്രിനിറ്റി സ്‌കൂള്‍ തുറക്കാന്‍ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗം അലങ്കോലപ്പെട്ടു

ഗൗരിയുടെ മരണത്തെത്തുടര്‍ന്ന് അടച്ചുപൂട്ടിയ കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂള്‍ തുറക്കുന്നതുമായി ബന്ധപ്പെട്ട് കളക്ടര്‍ വിളിച്ചു ചേര്‍ന്ന യോഗം അലങ്കോലപ്പെട്ടു. കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് ചര്‍ച്ച തടഞ്ഞത്. വിദ്യാര്‍ത്ഥി സംഘടനകളെ പങ്കെടുപ്പിച്ചില്ലെന്നാരോപിച്ച് പ്രവര്‍ത്തകര്‍ യോഗം നടക്കുന്നിടത്തേക്ക് ഇടച്ചു കയറുകയായിരുന്നു.
ഗൗരിയുടെ മരണത്തിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച മുതല്‍ സ്‌കൂള്‍ അടച്ചിട്ടിരിക്കുകയാണ്. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് കളക്ടറുടെ നിര്‍ദ്ദേശപ്രകാരമാണ് സ്‌കൂള്‍ പൂട്ടിയത്. ഇതിനിടെ മാനേജ്‌മെന്റ് രക്ഷിതാക്കളുടെ യോഗം വിളിക്കുകയും സ്‌കൂള്‍ തുറക്കാന്‍ ശ്രമം നടത്തുകയും ചെയ്തിരുന്നു. വിദ്യാര്‍ത്ഥി സംഘടനകള്‍ പ്രതിഷേധിച്ചെത്തിയാല്‍ രക്ഷിതാക്കളെ മുന്‍നിര്‍ത്തി എതിര്‍ക്കാമെന്നായിരുന്നു മാനേജ്‌മെന്റിന്റെ തീരുമാനം. എന്നാല്‍ അക്കാര്യത്തില്‍ തീരുമാനമുണ്ടായില്ല.

അതേസമയം, ഗൗരിയെ ചികിത്സിച്ച ബെന്‍സിഗര്‍ ആശുപത്രിക്കെതിരെ പിതാവ് പ്രസന്നകുമാര്‍ രംഗത്തെത്തി. മൂന്ന് മണിക്കൂറത്തെ ചികിത്സയ്ക്ക് 4,106 രൂപ ആശുപത്രി ഈടാക്കിയതായി പിതാവ് പ്രസന്നകുമാര്‍ ആരോപിച്ചു. വിദഗ്ധ ചികിത്സ നല്‍കിയെന്നാണ് ആശുപത്രി അധികൃതര്‍ പറയുന്നത്. എന്നാല്‍ അക്കാര്യം വിശ്വസിക്കാന്‍ പ്രയാസമാണ്. വിദഗ്ധ ചികിത്സ നല്‍കിയെന്ന ആശുപത്രി മാനേജ്‌മെന്റിന്റേയും ഡോക്ടര്‍മാരുടേയും വാദം ശരിയാണെങ്കില്‍ വെറും 4,106 രൂപയ്ക്ക് എങ്ങനെ വിദഗ്ധ ചികിത്സ നല്‍കാന്‍ കഴിഞ്ഞുവെന്നും പ്രസന്ന കുമാര്‍ ചോദിക്കുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ട്രിനിറ്റി സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ഗൗരിക്ക് പരിക്കേറ്റത്. ആദ്യം ബെന്‍സിഗര്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുമാണ് ഗൗരിയെ പ്രവേശിപ്പിച്ചത്. അധ്യാപികമാരുടെ പീഡനത്തെത്തുടര്‍ന്ന് ഗൗരി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നുവെന്ന് മാതാപിതാക്കള്‍ ആരോപിച്ചിരുന്നു. ഇതിനിടെ തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടരയോടെ ഗൗരി മരിച്ചു.
സ്‌കൂളിനെതിരെ പ്രതിഷേധിച്ചെത്തിയ വിദ്യാര്‍ത്ഥി സംഘടനകള്‍ കല്ലുകളും മറ്റും വലിച്ചറിഞ്ഞത് സ്ഥിതി വഷളാക്കി. പ്രവര്‍ത്തകരെ നിയന്ത്രിക്കാന്‍ പൊലീസ് ലാത്തി വീശി. ഇതിന് പിന്നാലെയാണ് സ്‌കൂള്‍ അടച്ചത്.

© 2024 Live Kerala News. All Rights Reserved.