ബിജെപിക്കെതിരെ കുരുക്ക് മുറുക്കി നരേന്ദ്ര പട്ടേല്‍; പണം വാഗ്ദാനം ചെയ്യുന്ന ഫോണ്‍ സംഭാഷണവും പുറത്തുവിട്ടു

ബിജെപിക്കെതിരെ കുരുക്ക് മുറിക്കി പാട്ടീദാര്‍ നേതാവും ഹാര്‍ദിക് പട്ടേലിന്റെ അനുയായിയുമായ നരേന്ദ്ര പട്ടേല്‍. പാര്‍ട്ടിയില്‍ ചേരാന്‍ ബിജെപി നല്‍കിയ പണം ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടിയതിന് പിന്നാലെ പണം വാഗ്ദാനം ചെയ്തുകൊണ്ടുള്ള ഫോണ്‍ സംഭാഷണവും നരേന്ദ്ര പട്ടേല്‍ പുറത്തുവിട്ടു. ബിജെപിയില്‍ ചേര്‍ന്ന മുന്‍ പാട്ടീദാര്‍ നേതാവ് വരുണ്‍ പട്ടേലുമായുള്ള ഫോണ്‍ സംഭാഷണമാണ് പുറത്തുവിട്ടിരിക്കുന്നത്. ഇത് സമൂഹമാധ്യമങ്ങളില്‍ വൈറലായിരിക്കുകയാണ്.
വ്യാഴാഴ്ചയാണ് വരുണ്‍ പട്ടേലുമായുള്ള ഫോണ്‍ സംഭാഷണം നരേന്ദ്ര പട്ടേല്‍ പുറത്തുവിട്ടത്. അഹമ്മദാബാദിലേക്ക് നരേന്ദ്ര പട്ടേലിനെ വരുണ്‍ ക്ഷണിക്കുന്നത് സംഭാഷണത്തിലുണ്ട്. തുകയുടെ നാല്‍പത് ശതമാനം ഇന്നും 60 ശതമാനം നാളെയും നല്‍കാമെന്നും പറയുന്നു. ബിജെപിയില്‍ ചേരുന്നുവെന്ന കാര്യം വാര്‍ത്താസമ്മേളനം വിളിച്ച് ഇന്നു തന്നെ പറയണമെന്നും വരുണ്‍ ആവശ്യപ്പെട്ടു.

ബിജെപി വിലയ്‌ക്കെടുക്കാന്‍ ശ്രമിച്ചുവെന്ന ആരോപണവുമായി കഴിഞ്ഞ ഞായറാഴ്ചയാണ് നരേന്ദ്രപട്ടേല്‍ രംഗത്തെത്തിയത്. ഞായറാഴ്ച വൈകി വിളിച്ച വാര്‍ത്താസമ്മേളനത്തില്‍ അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തി. മുന്‍കൂറായി നല്‍കിയ പത്ത് ലക്ഷം രൂപ മാധ്യമങ്ങള്‍ക്ക് മുന്നില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്തു. ഗുജറാത്ത് തെരഞ്ഞെടുപ്പ് അടുത്തിരിക്കെ നരേന്ദ്ര പട്ടേലിന്റെ വെളിപ്പെടുത്തല്‍ ബിജെപിയെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്.

© 2024 Live Kerala News. All Rights Reserved.