കൊല്ലത്ത് ട്രിനിറ്റി ലൈസിയം സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നും ചാടി മരിച്ച ഗൗരിയുടെ മാതാപിതാക്കള്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും. തിരുവനന്തപുരത്ത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ അല്‍പസമയത്തിനകമാണ് കൂടിക്കാഴ്ച.
ഗൗരിയുടെ മരണവുമായി ബന്ധപ്പെട്ട് പൊലീസിന്റെ അന്വേഷണത്തില്‍ വീഴ്ച സംഭവിച്ചുവെന്നാണ് മാതാപിതാക്കളുടെ ആരോപണം. സംഭവം നടന്ന് ഒരാഴ്ച പിന്നിടുമ്പോഴും അന്വേഷണത്തില്‍ പുരോഗതിയില്ല, പ്രതികളായ അധ്യാപികമാര്‍ ഒളിവിലാണ് തുടങ്ങിയ കാര്യങ്ങളും മാതാപിതാക്കള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കും. നേരത്തേ ശനിയാഴ്ച മുതല്‍ ട്രിനിറ്റി സ്‌കൂളിന് മുന്നില്‍ നിരാഹാര സമരം ആരംഭിക്കുമെന്ന് മാതാപിതാക്കള്‍ അറിയിച്ചികുന്നു.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്നും ചാടി ഗൗരി ആത്മഹത്യക്ക് ശ്രമിച്ചത്. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ആദ്യം കൊല്ലം ബെന്‍സിഗര്‍ ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെ ഗൗരി മരണത്തിന് കീഴടങ്ങുകയായിരുന്നു. ചികിത്സയില്‍ പിഴവു സംഭവിച്ചുവെന്ന് ആരോപിച്ച് കുട്ടിയെ ആദ്യം പ്രവേശിപ്പിച്ച ബെന്‍സിഗര്‍ ആശുപത്രിക്കെതിരെ ബന്ധുക്കള്‍ രംഗത്തെത്തിയികുന്നു. തുടര്‍ന്ന് പൊലീസ് ഇവിടെ പരിശോധന നടത്തുകയും രേഖകള്‍ പിടിച്ചെടുക്കുകയും ചെയ്തിരുന്നു.