മുത്തലാഖ് ക്രിമിനല്‍ കുറ്റം; നിയമഭേദഗതിക്കൊരുങ്ങി കേന്ദ്രസര്‍ക്കാര്‍

മുത്തലാഖ് ക്രിമിനല്‍ കുറ്റമായി കണക്കാക്കി ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ ഭേദഗതി വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനം. എന്നാല്‍ മുത്തലാഖ് നിരോധിച്ച് പുതിയ നിയമം ഉണ്ടാക്കില്ല. പകരം,ഒരേ സമയം മൂന്ന് തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പെടുത്തുന്നത് (തലാഖ്-ഇ-ബിദ്ദത്ത്) ക്രിമിനല്‍ കുറ്റമായി കണക്കാക്കി ഭേദഗതി ചെയ്യും.
ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ 497ാം വകുപ്പിന് അനുബന്ധമായി പുതിയൊരു ഉപവകുപ്പ് കൂട്ടിച്ചേര്‍ക്കാനാണ് സര്‍ക്കാര്‍ തീരുമാനം. ഐപിസി 497-ാം വകുപ്പ് പ്രകാരം പരസ്ത്രീ, പരപുരുഷ ബന്ധങ്ങള്‍ കുറ്റകരമെന്നാണ് കണക്കാക്കുന്നത്. പിഴയോടു കൂടിയോ അല്ലാതെയോ 5 വര്‍ഷം തടവ് ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. മുത്തലാഖ് ചൊല്ലി വിവാഹബന്ധം വേര്‍പ്പെടുത്തിയാല്‍ മൂന്നുവര്‍ഷത്തെ തടവ് ശിക്ഷയാണ് വ്യവസ്ഥ ചെയ്യുന്നത്.

ഓഗസ്റ്റ് 22ന് സുപ്രീംകോടതിയുടെ ഭരണഘടനാ ബെഞ്ചാണ് മുത്തലാഖ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. ആറുമാസത്തിനുള്ളില്‍ നിയമം കൊണ്ടുവരണമെന്ന് കോടതി സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇതിന് ശേഷവും സമാനസംഭവങ്ങളുണ്ടായ സാഹചര്യത്തിലാണ് മുത്തലാഖ് ക്രിമിനല്‍കുറ്റമായി കണക്കാക്കുന്നതെന്ന റിപ്പോര്‍ട്ട്. ഇതിനുള്ള ബില്‍ മന്ത്രിസഭയുടെ അനുമതിക്കുശേഷം പാര്‍ലമെന്റിന്റെ അടുത്ത സമ്മേളനത്തില്‍ അവതരിപ്പിക്കും.
ശരിഅത്ത് പ്രകാരം മൂന്നുവിധത്തിലുള്ള തലാഖ് ചൊല്ലലാണുള്ളത്. തലാഖ്-ഇ-ഹസന്‍, തലാഖ്-ഇ-അഹ്സന്‍, തലാഖ്-ഇ-ബിദ്ദത്ത് എന്നിവയാണവ. ഇതില്‍ ആദ്യത്തെ രണ്ടെണ്ണവും സുപ്രീംകോടതി നിരോധിച്ചിട്ടില്ല. ഒരേ സമയം മൂന്നു തലാഖ് ചൊല്ലി വിവാഹം വേര്‍പെടുത്തുന്നതിനെയാണ് നിയമവിരുദ്ധമായി പ്രഖ്യാപിച്ചത്. മുത്തലാഖ് ശിക്ഷാര്‍ഹമാക്കുംവിധം നിയമമുണ്ടാക്കിയാലേ തങ്ങളുടെ പോരാട്ടം പൂര്‍ണമാവൂ എന്ന് നിലവിലെ നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ച ശായ്‌റാ ബാനോ, ഇസ്രത്ത് ജഹാന്‍ എന്നിവര്‍ പറഞ്ഞിരുന്നു.

© 2025 Live Kerala News. All Rights Reserved.