വീണ്ടും നവംബർ 8, നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികത്തിൽ ബി ജെ പിയും പ്രതിപക്ഷവും നേർക്കുനേർ

നവംബർ 8 വീണ്ടും ശ്രദ്ധകേന്ദ്രമാവുന്നു. കഴിഞ്ഞ നവംബർ എട്ടിന്റെ രാത്രിയിലാണ് രാജ്യത്തെ അമ്പരപ്പിച്ച നോട്ട് റദ്ദാക്കൽ തീരുമാനം വന്നതെങ്കിൽ, അതിന്റെ ഒന്നാം വാർഷിക ദിനത്തിൽ ബി ജെ പിയും പ്രതിപക്ഷ പാർട്ടികളും തമ്മിലുള്ള നേരിട്ടുള്ള ഏറ്റുമുട്ടലിനു കളം ഒരുങ്ങുകയാണ്. നോട്ട് നിരോധനം ഒരു ഹിമാലയൻ അബദ്ധമായിരുന്നെന്നും അത് ഇന്ത്യയിലെ സമസ്ത സാമ്പത്തിക പ്രവർത്തനങ്ങളെയും പ്രതികൂലമായി ബാധിച്ചുവെന്ന് വരുത്തി തീർക്കാൻ കോൺഗ്രസ്സും മറ്റു പ്രതിപക്ഷ പാർട്ടികളും ശ്രമിക്കുമ്പോൾ, അത് ഒരു വൻ വിജയമായിരുന്നുവെന്ന് വരുത്തി തീർക്കാനുള്ള തത്രപ്പാടിലാണ് ബി.ജെപിയും പരിവാർ സംഘടനകളും.
കോൺഗ്രസും മറ്റു 17 പ്രതിപക്ഷ പാർട്ടികളും അന്ന് കരിദിനം ആചരിക്കാൻ തീരുമാനിച്ചിട്ടുണ്ട്. കള്ളപ്പണത്തിനെതിരായ ദിനമായി [ആന്റി ബ്ലാക്ക് മണി ഡേ ] ആയി ആചരിക്കാനാണ് എൻ. ഡി എ തീരുമാനം.രാജ്യത്തെ തകർത്തു കളഞ്ഞ ഈ നടപടിയിൽ പ്രധാന മന്ത്രി മാപ്പ് പറയണമെന്നാണ് പ്രതിപക്ഷ ആവശ്യം. ഇതും, ധൃതി പിടിച്ച നടപ്പാക്കിയ ജി. എസ് . ടീയും കാർഷിക, ഇടത്തരം വ്യവസായ മേഖലകളെ പാടെ തക ർത്തുവെന്നാണ് കോൺഗ്രസ്സ് നേതാവ് ആനന്ദ് ശർമ്മ പറഞ്ഞത്. എന്നാൽ കള്ളപ്പണത്തിനെതിരെ ഇത് വരെ ഒരു നടപടിയും എടുക്കാത്ത പാർട്ടിയാണ് കോൺഗ്രസെന്നും അവർക്ക് ഇതിനെ കുറിച്ച് പറയാൻ അവകാശമില്ലെന്നും ധനമന്ത്രി അരുൺ ജെയ്‌റ്റിലി തിരിച്ചടിച്ചു. ഇന്ത്യയിലെമ്പാടും നവംബർ എട്ടിന് കള്ളപ്പണത്തിനെതിരായ പ്രചാരണ പരിപാടികൾ സംഘടിപ്പിക്കാനാണ് ബി ജെ പിയുടെ തീരുമാനം.

ബി എം. എസ് ഒഴിച്ചുള്ള ട്രേഡ് യൂണിയനുകൾ സംയുക്തമായി നവംബർ 9, 10, 11 തീയതികളിൽ പ്രക്ഷോഭം സംഘടിപ്പിച്ചിട്ടുണ്ട്. പാർലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിക്കുന്ന നവംബർ 20 മുതൽ ഡൽഹിയിൽ കർഷക സമരവും തുടങ്ങുകയാണ്. സംഘ് പരിവാർ സംഘടനകളായ സ്വദേശി ജാഗരൺ മഞ്ച് ഒക്ടോബർ 29 നു കേന്ദ്ര സർക്കാർ നയങ്ങൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുന്നുണ്ട്. സംയുക്ത ട്രേഡ് യൂണിയൻ സമരത്തിൽ നിന്നും വിട്ട് നിൽക്കുന്ന ബി എം.എസ് നവംബർ 17 നു പ്രത്യേക സമരം സംഘടിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്. ഏതായാലും നവംബർ എട്ട് മുതൽ രാജ്യത്തെ രാഷ്ട്രീയ സാഹചര്യം കലുഷിതമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. പാർലമെന്റ് സമ്മേളനം തുടങ്ങുന്നതും ഗുജറാത്ത് തിരഞ്ഞെടുപ്പും ബി.ജെ പി – പ്രതിപക്ഷ പോരാട്ടങ്ങൾക്ക് കൂടുതൽ വീര്യം പകരുമെന്നത് ഉറപ്പാണ്. മാധ്യമങ്ങളും പ്രത്യേകിച്ച് വാർത്ത ചാനലുകളും നോട്ട് നിരോധനത്തിന്റെ ഒന്നാം വാർഷികം കൊഴുപ്പിക്കാനുള്ള കൊണ്ട് പിടിച്ച ശ്രമത്തിലാണ്. ചർച്ചകളും സംവാദങ്ങളും നവംബർ എട്ടിനെ കൂടുതൽ ചൂടുള്ളതാക്കും.

© 2024 Live Kerala News. All Rights Reserved.