കുരുക്ക് മുറുകുന്നു; കെപിസിസി പട്ടികയിൽ എതിർപ്പുമായി കൂടുതൽ നേതാക്കൾ രംഗത്ത്

കെപിസിസി പട്ടിക സംബന്ധിച്ച തർക്കങ്ങൾ തീരുന്നില്ല. നിലവിൽ പട്ടികയിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കൂടുതൽ നേതാക്കൾ രംഗത്തുവന്നു. കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടു കെപിസിസി പട്ടിക വൈകുന്നതിനൊപ്പം പ്രതിഷേധവും കനക്കുകയാണ്.
നിർദേശങ്ങൾ പൂർണമായി അവഗണിക്കപ്പെട്ടതിനിടെ കെപിസിസി അംഗത്വത്തിൽ നിന്നു സ്വയം ഒഴിവാകാനൊരുങ്ങി ശശി തരൂർ എംപി, ഇതോടെ അംഗത്വം രാജിവയ്ക്കുമെന്നു ഭീഷണി മുഴക്കി പി സി ചാക്കോയും രംഗത്തെത്തി. ഇപ്പോൾ എതിർപ്പറിയിച്ച് കെ വി തോമസ് എംപിയും കെ മുരളീധരൻ എംഎൽഎയും പ്രതിഷേധമറിയിച്ചു.
ഇതിനിടെ, എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ ഒത്തുതീർപ്പു ശ്രമങ്ങളുമായി രം‌ഗത്തു വന്നിട്ടുണ്ട്. ഗ്രൂപ്പുകൾ പുതുക്കി നൽകിയ പട്ടിക ഇപ്പോഴും എഐസിസി ജനറൽ സെക്രട്ടറി മുകുൾ വാസ്നിക്, വരണാധികാരി സുദർശന നാച്ചിയപ്പൻ എന്നിവരുടെ കൈവശമാണ്.

എ കെ ആന്റണിയുമായി മുകുൾ വാസ്നിക്കും വേണുഗോപാലും ചർച്ച നടത്തിയെങ്കിലും തർക്കങ്ങൾ അവശേഷിക്കുന്നു. അന്തിമ പട്ടിക തിരഞ്ഞെടുപ്പ് അതോറിറ്റി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രന്റെ പക്കലെത്തിയിട്ടില്ല. പ്രശ്നം ഇനിയും കൂടുതൽ സങ്കീർണ്ണമാകാനാണ് സാധ്യത.

© 2024 Live Kerala News. All Rights Reserved.